കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജി, ബിജെപി അനുകൂല അധ്യാപക സംഘടന എൻടിയുവിന്റെ നേതാവാണ്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഷാജിയുടെ ഭാര്യയും എൻടിയു പ്രവർത്തകയും എരവന്നൂർ സ്കൂളിലെ അധ്യാപികയുമായ സുപ്രീന സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ അധ്യാപകർ തല്ലിയ പരാതി അധ്യാപകർ ഇടപെട്ട് ഒത്തുതീർത്തെങ്കിലും സുപ്രീന വിവരം പോലിസിന് കൈമാറിയിരുന്നു. ഇത് ചർച്ച ചെയ്യാൻ വിളിച്ച സ്റ്റാഫ് കമ്മിറ്റി യോഗത്തിലാണ് തർക്കം നടന്നത്. പിന്നാലെ സ്കൂളിലെത്തിയ ഷാജി യോഗത്തിലേക്ക് അതിക്രമിച്ച് കയറുകയും അധ്യാപകരെ മർദ്ദിക്കുകയുമായിരുന്നു. കൊടുവളളി എ ഇ ഒ വകുപ്പുതല അന്വേഷണം നടത്തുന്നുണ്ട്.