കാളികാവ് : സർക്കാർ സ്കൂളിലേക്ക് കുട്ടികളെ ‘ ചാക്കിട്ടുപിടിക്കാൻ’ അധ്യാപകരിറങ്ങിയിരുന്ന കാലമൊക്കെ കഴിഞ്ഞു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ കുട്ടികൾ സ്കൂളുകൾ തേടിയെത്തി. കൂടുതൽ സൗകര്യം ഒരുക്കി അവരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കരുവാരക്കുണ്ട് ഗവ. മാതൃകാ എൽ.പി.സ്കൂൾ. സ്കൂൾ വികസനത്തിനു പണം കണ്ടെത്താൻ അധ്യാപകരും രക്ഷാകർതൃസമിതിയും ആക്രി പെറുക്കാനിറങ്ങി. കുട്ടികൾ കൂടിയതോടെ കൂടുതൽ സൗകര്യവും ആവശ്യമായിവന്നതോടെയാണ് ഇത്. ക്രിസ്മസ് അവധിക്കാലം പൂർണമായും ഇവർ വിദ്യാലയത്തിനായി ചെലവഴിച്ചു. രാവിലെ രണ്ടു ഗുഡ്സ് ഓട്ടോകൾ വിളിച്ച് പണിക്കിണങ്ങിയ വേഷമണിഞ്ഞ് അധ്യാപകർ ഇറങ്ങി. കോവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാനും വിദ്യാലയത്തിലെ തനത് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണത്തിനുമാണ് പാഴ്വസ്തുക്കൾ ശേഖരിക്കുന്നത്. കോവിഡിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാലയത്തിൽ കുട്ടികൾ കൂടിയിട്ടുണ്ട്. സർക്കാർ ഫണ്ടിനുപുറമേ കുറച്ച് തുക കൂടി വേണം. അതിനാണ് ആക്രിശേഖരണം.
അധ്യാപകരുടെ ചാക്ക് നിറയ്ക്കാൻ കുട്ടികളും ഉത്സാഹിച്ചു. കേടുവന്ന കുട്ടിസൈക്കിൾ, പത്രങ്ങൾ, ഫാൻ, ടെലിവിഷൻ, കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ളവ നൽകി വിദ്യാർഥികൾ ചാക്ക് നിറച്ചു. മുതൽമുടക്കില്ലാത്ത ധനസമാഹരണയജ്ഞത്തിൽ രക്ഷിതാക്കളും കൈമെയ് മറന്ന് പങ്കെടുത്തു. അവധിക്കാലത്ത് 250 കുട്ടികളുടെ വീടുകൾ അധ്യാപകസംഘം കയറിയിറങ്ങി. പാഴ്വസ്തുക്കൾ നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കാനാവുന്നത് മറ്റൊരു നേട്ടം. ശേഖരിക്കുന്ന സാധനങ്ങൾ വേർതിരിച്ച് വിൽപ്പന നടത്തുന്നതും അധ്യാപക-രക്ഷാകർതൃ കൂട്ടായ്മതന്നെയാണ്. 25,000 രൂപയിലേറെ വിലയുള്ള സാധനങ്ങൾ ശേഖരിക്കാനായി. പദ്ധതി തുടരുമെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകരായ എം. രാധാകൃഷ്ണൻ, കെ. ശ്രീധരൻ, ടി. താരിഫ്, കെ. വിനോദ്, പി.ടി.എ. പ്രസിഡന്റ് പി.എം. സവാദ്, എസ്.എം.പി. ചെയർമാൻ പി. അബ്ദുസലാം എന്നിവർ നേതൃത്വം നൽകുന്നു.