ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സിന്‍റെ മികച്ച ലീഡ് സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം 28 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങിയതോടെ കനത്ത നാണക്കേട്. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം 100+ ലീഡ് നേടിയ ശേഷം ഹോം ടെസ്റ്റില്‍ തോല്‍വി രുചിക്കുന്നത്. ഹൈദരാബാദില്‍ ബാസ്‌ബോള്‍ ശൈലിക്കാരായ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 64.3 ഓവറില്‍ വെറും 246 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ മറുപടിയായി 121 ഓവറില്‍ 436 റണ്‍സ് നേടിയിരുന്നു. ഇതോടെ 190 റണ്‍സിന്‍റെ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡാണ് രോഹിത് ശര്‍മ്മയും സംഘവും സ്വന്തമാക്കിയത്. യശസ്വി ജയ്സ്വാള്‍ (80), കെ എല്‍ രാഹുല്‍ (86), രവീന്ദ്ര ജഡേജ (87), അക്സര്‍ പട്ടേല്‍ (44), ശ്രീകര്‍ ഭരത് (41) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഓലീ പോപിന്‍റെ സെഞ്ചുറിക്ക് മുന്നില്‍ കുതിച്ച ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്താന്‍ ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും അനുവദിച്ചത് തിരിച്ചടിയായി. ഓലീ പോപ് 278 ബോളില്‍ 196 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 102.1 ഓവറില്‍ 420 റണ്‍സടിച്ചു. 230 റണ്‍സിന്‍റെ സുരക്ഷിത ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.
ഇതോടെ 231 റണ്‍സ് വിജയലക്ഷ്യം മുന്നിലെത്തിയ ടീം ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറുകയായിരുന്നു. 28 റണ്‍സിന്‍റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ നായകന്‍ രോഹിത് ശര്‍മ്മ 39 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ സ്പിന്നര്‍ ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.