തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസിന് തുടരാമെന്ന ഹൈകോടതി വിധിയിൽ പിന്നീട് പ്രതികരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കൂടുതൽ വിശദാംശങ്ങൾ അറിഞ്ഞിട്ടില്ല. കോടതി പറഞ്ഞത് എന്തെല്ലാമെന്ന് പുറത്ത് വരട്ടെയെന്നും വിധി പൂർണമായി വന്നശേഷം പ്രതികരിക്കാമെന്നും അവർ പറഞ്ഞു.
എ.പി.ജെ. അബ്ദുൽ കലാം ടെക്നിക്കൽ സർവകലാശാല (കേരള സാങ്കേതിക സർവകലാശാല -കെ.ടി.യു) വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. സിസ തോമസിന് യോഗ്യതയുണ്ടെന്നും നിയമനം കുറഞ്ഞ കാലത്തേക്കായതിനാൽ വൈസ് ചാൻസലറായി തുടരാമെന്നുമാണ് വിധി.
രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കുകയും പരമവധി മൂന്ന് മാസത്തിനകം സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുകയും വേണം. സിസ തോമസ് കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ പദവിയിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കാമെന്നും ഹൈകോടതി നിർദേശിച്ചു.