കൊച്ചി: ചെമ്മീൻ കയറ്റുമതിക്ക് കടലാമ സംരക്ഷണത്തിന്‍റെ പേരിൽ ഏർപെടുത്തിയിരിക്കുന്ന വിലക്ക് മാറ്റണമെങ്കിൽ ട്രോൾവലകളിൽ ടെഡ് എന്ന ഉപകരണം സ്ഥാപിക്കണമെന്നാണ് അമേരിക്കയുടെ നിബന്ധന. കടലാമകളുടെ സാന്നിധ്യം തീരെ കുറവായ പശ്ചിമേഷ്യൻ തീരത്ത് ടെഡ് നിർബന്ധമാക്കുന്നതിലെ യുക്തിയാണ് സംസ്ഥാനത്തെ ബോട്ടുമടകൾ ചോദ്യം ചെയ്യുന്നത്. അപ്രായോഗിക നിര്‍ദേശമാണിതെന്നും ലക്ഷങ്ങളാണ് ചെലവ് വരുകയെന്നും എന്തിനാണ് ഇത് ഇവിടെ നിര്‍ബന്ധമാക്കുന്നതെന്നും ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോയേഷൻ പ്രതിനിധി സേവ്യർ കളപ്പുരക്കൽ പറഞ്ഞു.
മത്സ്യബന്ധനത്തിനുള്ള വലകളിൽ കടലാമകൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്ന ഉപകരണമാണ് ടെഡ് അഥവാ ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്. കൊച്ചിയിലെ സിഐഎഫ്ടി വളരെ മുന്പേ വികസിപ്പിച്ചെടുത്ത ഉപകരണമാണിത്. അമേരിക്കയിൽ നിന്നുള്ള വിദഗ്ധസംഘം പല പരിഷ്കാരങ്ങളും നിർദേശിച്ചു. ഇത് സിഫ്റ്റ് നടപ്പാക്കുകയും ചെയ്തു. ഈ ടെഡ് നടപ്പാക്കി അമേരിക്കൻ സർട്ടിഫിക്കേഷൻ നേടിയെടുക്കാനും കയറ്റുമതി വീണ്ടും തുടങ്ങാനുമാണ് എംപിഇഡിഎ (Marine Products Export Development Authority) ശ്രമിക്കുന്നത്.
എന്നാൽ, ഈ നീക്കത്തിൽ ബോട്ടുമടകൾ തൃപ്തരല്ല. യന്ത്രവൽകൃത ബോട്ടിൽ വലിയ 11 വലകൾ ഉണ്ടാകുമെന്നും എല്ലാത്തിലും ടെഡ് ഘടിപ്പിക്കാൻ മൂന്ന് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും ബോട്ടുമടകൾ പറയുന്നു.ഇവിടുള്ളവർ മീൻ പിടിക്കുന്നുള്ള മേഖലകളിൽ കടലാമകളുടെ സാന്നിധ്യം കുറവാണെന്ന് സിഎംഎഫ്ആർഐ പഠനം വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ബോട്ടുടമകൾ ടെഡ് ഘടിപ്പിച്ച വലകളിലൂടെ മീനുകളും രക്ഷപ്പെട്ടുപോകുമെന്നും പറയുന്നു. ഇന്ധനക്ഷമത കൂടുമെന്നും മാലിന്യം ഒഴിവാകുമെന്നുമാണ് ടെഡ് ഘടിപ്പിച്ചാലുള്ള നേട്ടമായി എംപിഇഡിഎ വൃത്തങ്ങളുടെ മറുവാദം.