ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനു സമീപം പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. റെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടിയെ സഹായം വാഗ്ദാനം ചെയ്‌തു തിലക് പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിൽ എത്തിച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കുപ്പികൾ വിൽക്കുന്ന ഫരീദാബാദ് സ്വദേശി ഹർദീപ് നഗർ(21), ആഗ്രയിൽ നിന്നുള്ള രാഹുൽ(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
തിങ്കളാഴ്ച രാത്രിയോടെ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് യുവാക്കളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കണ്ടതോടെ സംശയം തോന്നിയ പൊലീസ് സംഘം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. താൻ പീഡനത്തിരയായതായി പെൺകുട്ടി പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഗുജറാത്തിൽ നിന്നുള്ള പെൺകുട്ടി കുടുംബത്തോടൊപ്പമുള്ള ചണ്ഡിഗഡ് യാത്രയിലാണ് യുപിയിൽ നിന്നുള്ള ദീപക്കിനെ (25) പരിചയപ്പെടുന്നത്. പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ച ദീപക് ഇവർക്കൊപ്പം ഗുജറാത്തിലേക്കു പോയി. ഓഗസ്റ്റ് നാലിന് തന്റെ ഗ്രാമത്തിലേക്കു പെൺകുട്ടിയെയും കൂട്ടി യാത്രതിരിച്ചു. ഓഗസ്റ്റ് ആറിനാണ് ഇവർ ലകൗനൗവിൽ എത്തിയത്. പിറ്റേദിവസം ടാക്സിയിൽ ദീപക്കിന്റെ വീട്ടിൽ എത്തിയതിനു ശേഷം അന്നു തന്നെ ഗുജറാത്തിലേക്കു പോകാനായി ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. രാത്രി 9.40 നുള്ള ട്രെയിനിൽ യാത്ര തിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇവർക്ക് ഈ ട്രെയിൻ കിട്ടിയില്ല. ഇതോടെ ഇരുവരും പരസ്‌പരം കുറ്റപ്പെടുത്തുവാനും വാക്‌തർക്കത്തിൽ ഏർപ്പെടുവാനും തുടങ്ങി. ദേഷ്യം വന്നതോടെ ദീപക് പെൺകുട്ടിയെ തനിച്ചാക്കി ഇവിടെ നിന്ന് പോകുകയായിരുന്നുവെന്ന് ഡിസിപി ഹരിന്ദ്ര കുമാർ സിങ് പറഞ്ഞു.
ഏറെ നേരം കഴിഞ്ഞിട്ടും ദീപക്കിനെ കാണാതായതോടെ പെൺകുട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇയാളെ തിരയാൻ തുടങ്ങി. തുടർന്ന് പെൺകുട്ടി സെൻട്രൽ ഫുട്ട് ഓവർ ബ്രിഡ്‌ജിൽ നിൽക്കുന്നതിനിടെയാണ് പ്രതികളായ ഹർദീപ് നഗറിനെയും രാഹുലിനെയും കാണുന്നത്. നടന്ന സംഭവങ്ങൾ ഇവരെ ധരിപ്പിച്ച പെൺകുട്ടി ആൺസുഹൃത്തിനെ കണ്ടെത്താൻ ഇവരുടെ സഹായം തേടി. ഇവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹോദരനെ വിളിച്ച് സംസാരിക്കുകയും ചെയ്‌തു.
തിലക് പാലത്തിന് സമീപമുള്ള ട്രാക്കിലെത്തിയാൽ ട്രെയിനിൽ കയറാൻ കഴിയുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ തിലക് പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം ഇവർ പെൺകുട്ടിയെ ഡൽഹി അജ്‌മേരി ഗേറ്റിനു സമീപം കൊണ്ടുപോയി വിടുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ അന്വേഷിച്ച് സുഹൃത്ത് ദീപക് തിരികെയെത്തി. പ്രതികളും ദീപക്കുമായി ഇവിടെ വച്ച് വാക്തർക്കമുണ്ടായി. ഇതിനിടെയാണ് പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം ഇവരെ കാണുന്നതും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതും. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഹർദീപ് നഗറിനെയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.