ചെന്നൈ: മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലെപ്പടുത്തിയ കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. ഗുണശീലന്‍റെ പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം കാരണമാണ് കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം.മധുര എല്ലിസ് നഗറിലാണ് സംഭവം. എ. മഹിഴമ്മാൾ (58) എം. അലഗു പ്രിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലിസ് നഗറിലെ ബോഡി ലൈനിലുള്ള എ.മണികണ്ഠന്റെ വീട്ടിലാണ് ഗുണശീലൻ പഠനത്തിനിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ കോളേജിലെ യുവതിയുമായി ഇതിനിടെ യുവാവ് പ്രണയത്തിലായി. ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ മുത്തശ്ശിയും അമ്മായിയും എതിർക്കുകയും ശകാരിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഗുണശീലൻ അവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുണശീലനും സുഹൃത്ത് റിഷികുമാറും അറസ്റ്റിലായത്.
കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു. ഇരുവരും ചേർന്ന് ആദ്യം വൃദ്ധയെ കൊലപ്പെടുത്തുകയും മൃതദേഹം സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തള്ളുകയും ചെയ്തു. തുടർന്ന് അമ്മായിയെ കൊലപ്പെടുത്തി മൃതദേഹം അതേ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് ഉപേക്ഷിച്ചു. എസ്.എസ്.കോളനി പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി രാജാജി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.