വന്യജീവികളെ പിടികൂടുന്നതും പാകം ചെയ്യുന്നതും കഴിക്കുന്നതും എല്ലാം പല രാജ്യങ്ങളിലും കുറ്റകൃത്യമാണ്. അതുപോലെ പല മൃഗങ്ങളെയും പക്ഷികളെയും പിടികൂടി പാകം ചെയ്ത് കഴിച്ചാൽ നിയമപരമായ നടപടികൾ നേരിടേണ്ടിയും വരും. എന്നിരുന്നാലും അങ്ങനെ ചെയ്ത് അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അനേകം ആളുകളുണ്ട്. അതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ അരയന്നത്തെ പിടികൂടി പാകം ചെയ്ത് ഭക്ഷിച്ചതിന് മൂന്ന് കൗമാരക്കാർ അറസ്റ്റിലായി. അരയന്നത്തെ കണ്ട് താറാവാണ് എന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്നാണത്രെ ഇവർ അതിനെ പാകം ചെയ്ത് കഴിച്ചത്.
ന്യൂയോർക്കിലെ സിറാക്കൂസിന്റെ പ്രാന്തപ്രദേശമായ മാൻലിയസിലെ ഒരു കുളത്തിൽ വച്ചാണ് വാരാന്ത്യത്തിൽ അരയന്നത്തെ പിടികൂടുകയും അതിനെ കൊലപ്പെടുത്തുകയും ചെയ്തത് എന്ന് ലോക്കൽ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറയുന്നു. പിന്നീട്, അരയന്നത്തിന്റെ കുഞ്ഞുങ്ങളെ ഒരു കടയിൽ ജീവനോടെ കണ്ടെത്തി. ആ കടയിലാണ് അരയന്നത്തെ കൊന്ന് തിന്നതിൽ ഒരാൾ ജോലി ചെയ്യുന്നത്. നാല് അരയന്നക്കുഞ്ഞുങ്ങളേയും പെറ്റുകളായി വളർത്താനാണ് അരയന്നത്തെ കൊന്ന് തിന്നവർ തീരുമാനിച്ചിരുന്നത് എന്നും പൊലീസ് പറയുന്നു.
എന്നാൽ, യുവാക്കളും കുടുംബവും ചേർന്ന് വലിയ അരയന്നത്തെ അപ്പോഴേക്കും കൊന്ന് പാകം ചെയ്ത് തിന്നു കഴിഞ്ഞിരുന്നു. അത് ഒരു വലിയ താറാവാണ് എന്നാണത്രെ യുവാക്കളും കുടുംബവും കരുതിയിരുന്നത്. എന്നാൽ, അതൊരു വന്യജിവി അല്ല. മാൻലിയസിലെ ഗ്രാമത്തിന്റെ അധീനതയിലുള്ളതായിരുന്നു ആ അരയന്നം എന്ന് പൊലീസ് പറയുന്നു. 18, 17, 16 വയസ്സ് പ്രായമുള്ള പ്രതികൾക്ക് മേൽ മോഷണം, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് 4,600 പേരുള്ള ഒരു ചെറിയ പട്ടണമായ മാൻലിയസിൽ അരയന്നത്തെ കൊണ്ടുവരുന്നത്. അതിനെ ഗ്രാമത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.