ദില്ലി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വസതിയിൽ നിന്ന് 600 കോടി അഴിമതിയുടെ തെളിവുകൾ കണ്ടെടുത്തെന്ന ഇഡി വാദം തെറ്റാണെന്ന് തേജസ്വി പറഞ്ഞു. സഹോദരിമാരുടെയും അവരുടെ ഭർത്താക്കന്മാരുടെ ബന്ധുക്കളുടെയും ആഭരണങ്ങൾ ഊരിവാങ്ങിയതാണ് കണ്ടെടുത്തവയെന്ന് പറഞ്ഞ് ഇഡി മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
“ആഭ്യന്തരമന്ത്രി അമിത് ഷാ ആയാലും മറ്റ് ആരെങ്കിലും ആയാലും ശരി, ഈ ഏജൻസികൾക്കു വേണ്ടി ഒരേ തിരക്കഥ എഴുതുന്നത് ഒന്ന് നിർത്തണം, വേറെ എഴുതണം. ഞങ്ങൾ (ആർജെഡി) ബിജെപിയെയോ ആർഎസ്എസിനെയോ പോലെ രാഷ്ട്രീയമീമാംസ വിദ്യാർത്ഥികളല്ല. പ്രയോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളും അതിനായി ജനപിന്തുണ ഉള്ളവരുമാണ്. ബിജെപിക്കാർ രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് ഒളിച്ചോടുന്നവരാണ്”. തേജസ്വി പറഞ്ഞു.
താനാണ് യഥാർത്ഥ അംബാനിയെന്ന രീതിയിലാണ് ഇഡി തന്നോട് പെരുമാറുന്നതെന്ന് തോജസ്വി പറഞ്ഞു. തന്റെ മുഖമെന്താ അദാനിയുടേതാണെന്ന് ഇഡിക്കും സിബിഐക്കും സംശയമുണ്ടോ. അദാനിയുടെ 80000 കോടിയുടെ അഴിമതി മറന്നാണ് അവർ തന്റെ പിന്നാലെ നടക്കുന്നതും വീട് പരിശോധിക്കാനെത്തുന്നതുമെന്നും അദ്ദേഹം പരിഹസിച്ചു. “എന്റെ പക്കൽ നിന്ന് നിരവധി സ്വത്ത് പിടിച്ചെടുത്തെന്നാണ് ഇഡി പറയുന്നത്. ഞാനവരെ വെല്ലുവിളിക്കുന്നു, പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക പുറത്തുവിടണം. അല്ലെങ്കിൽ ഞാനവ പുറത്തുവിടാം”. തേജസ്വി കൂട്ടിച്ചേർത്തു.