പാറ്റ്ന: പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തനായ സ്ഥാനാർത്ഥിയാണ് നിതീഷ് കുമാറെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. 37 വർഷത്തെ രാഷ്ട്രീയ പരിചയവും നല്ല പ്രതിച്ഛായയും ഉള്ള നേതാവാണ് നിതീഷ് കുമാറെന്നും എന്നാൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും പ്രതിനിധീകരിച്ചല്ല താൻ ഈ അഭിപ്രായം പറയുന്നതെന്നും തേജസ്വി യാദവ് വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ബിഹാറിൽ മഹാഗത്ബന്ധൻ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് ജംഗിൾ രാജ് തിരിച്ചു വരുമെന്ന ബിജെപി പ്രചാരണം അവരുടെ സങ്കടത്തിൽ നിന്നും ഉയരുന്നതാണെന്ന് തേജസ്വി യാദവ് പരിഹസിച്ചു. ജെഡിയു, ആർജെഡി, കോൺഗ്രസ്, മറ്റ് പാർട്ടികൾ എന്നിവര്‍ പങ്കാളികളായ മഹാഗത്ബന്ധൻ സർക്കാർ അധികാരത്തിൽ വന്നത് ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ ഐക്യത്തിന് വഴിതുറക്കുന്ന ശുഭസൂചനയാണെന്നും തേജസി യാദവ് വ്യക്തമാക്കി.
“രാജ്യത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി ബിജെപിയുടെ സര്‍വ്വാധിപത്യമാണ് എന്നതിൽ സംശയം വേണ്ട. പണത്തിൻ്റേയും മാധ്യമങ്ങളുടെയും ഭരണത്തിൻ്റേയും പിൻബലത്തിൽ ഇന്ത്യയുടെ വൈവിധ്യത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രതിപക്ഷ കക്ഷികളെ പലരീതിയിൽ തളര്‍ത്താനുള്ള ബിജെപിയുടെ നീക്കം ഇതിനുള്ള സൂചനയാണ്. ബിജെപി ഭരണത്തിൽ അനീതിയും അസന്തുലിതാവസ്ഥയും രൂക്ഷമായി വരികയാണ്. പ്രാദേശിക പ്രാതിനിധ്യത്തിന്റെയും സാമൂഹിക നീതിയുടെയും കാര്യത്തിൽ ഈ അനീതി പ്രകടമാണ്. സ്ഥാനങ്ങളുടെ വികസനത്തിലും ഇതേ അസന്തുലിതാവസ്ഥ കാണാനാവും.
ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന സര്‍ക്കാരുകളെ അവഗണിച്ചാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതനുവദിച്ച് കൊടുക്കാൻ സാധിക്കില്ല. പിന്നാക്ക സംസ്ഥാനമായ ബിഹാറിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അക്കാര്യത്തിൽ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടാക്കുമെന്ന് കരുതുന്നില്ല. ഇത്ര കാലം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ ബിഹാറിന് വേണ്ടി എന്താണ് ചെയ്തത് എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.