ഹൈദരാബാദ്: ഡോ ബി ആർ അംബേദ്കർ ജയന്തിയിൽ അംബേദ്കറാണെന്ന് തെറ്റിദ്ധരിച്ച് ബി.ജെ.പി വനിതാനേതാവ് പൂക്കളർപ്പിച്ചത് വിവേകാനന്ദ പ്രതിമക്ക് മുന്നിൽ. ബി.ജെ.പിയുടെ യുവജനവിഭാഗമായ യുവമോർച്ച (ബിജെവൈഎം) തെലങ്കാന സംസ്ഥാന വനിതാ വികസന സെല്ലിന്റെ കോ-കൺവീനർ കാശി റെഡ്ഡി സിന്ധു റെഡ്ഡിക്കാണ് വൻ അമളി പിണഞ്ഞത്.
വിവേകാനന്ദന് പൂക്കളർപ്പിക്കുന്ന ചിത്രം സിന്ധുതന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. “ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു, ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിസ്സീമമായ സംഭാവനകൾ ഓർക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാൽ, വിവേകാനന്ദനെയും അംബേദ്കറെയും തിരിച്ചറിയാത്ത ബി.ജെ.പി നേതാവിനെ ട്വിറ്ററാട്ടികൾ പൊങ്കാലക്കിട്ടതോടെ ട്വീറ്റ് പിൻവലിച്ച് സിന്ധു തടിതപ്പി. പക്ഷേ, ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് ക്ഷണനേരംകൊണ്ട് സോഷ്യൽമീഡിയയിൽ പാറിപ്പറന്നു.
സംഗതി കൈവിട്ടെന്നറിഞ്ഞതോടെ മാനം കാക്കാൻ സിന്ധു ഒറിജിനൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പഴയ അടിക്കുറിപ്പ് സഹിതം വീണ്ടും പോസ്റ്റ്ചെയ്തു.