ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാന എന്തിന് ബി.ആർ.എസിന് വോട്ട് ചെയ്യണമെന്നതിന് ഉത്തരവുമായി ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി.ആർ. ബി.ആർ.എസ് എം.പിമാരാണ് ലോക്സഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതെന്ന് തെലങ്കാനയിൽ നിന്നുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ എം.പിമാർ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണം വെളിപ്പെടുത്തികൊണ്ട് അദ്ദേഹം പറഞ്ഞു.
ബി.ആർ.എസ് എം.പിമാർ ലോക്സഭയിൽ ആകെ 4754 ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. 16ാം ലോക്സഭയിൽ 2726 ചോദ്യങ്ങളും 17ാം ലോക്സഭയിൽ 2028 ചോദ്യങ്ങളുമാണ് ചോദിച്ചത്. ഇത് മറ്റ് പാർട്ടികളുടെ എം.പിമാർ ചോദിച്ച ചോദ്യങ്ങളുടെ എണ്ണത്തോകാൾ വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എ.പിമാർ 1271 ചോദ്യങ്ങളും ബി.ജെ.പി എം.പിമാർ 190 ചോദ്യങ്ങളുമാണ് ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ ജനങ്ങൾ കെ.സി.ആറിന്‍റെ ടീമിന് വോട്ട് ചെയ്യേണ്ടത് തെലങ്കാനയുടെ ശബ്ദം പാർലമെന്‍റിൽ വ്യക്തമായി കേൾക്കാൻ വേണ്ടിയാണെന്ന് കെ.ടി.ആർ പറഞ്ഞു. തെലങ്കാനയുടെ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടി കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്യുന്നതിലും ആവശ്യങ്ങൾ ഉന്നയിക്കുന്നതിലും ബി.ആർ.എസ് എം.പിമാർ എത്ര നന്നായി പ്രവർത്തിച്ചുവെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.