ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകൾ കവിതാ റാവുവിനെ സി ബി ഐ ചോദ്യം ചെയ്തു. ഹൈദരാബാദിലെ വീട്ടിലെത്തിയാണ് കവിതാ റാവുവിനെ ചോദ്യം ചെയ്തത്. ദില്ലി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രോഡീകരീച്ച് ഒരു ചോദ്യാവലി തയ്യാറാക്കിയായിരുന്നു സി ബി ഐ സംഘം എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും പ്രവർത്തകർ സമാധാനപരമായി കാര്യങ്ങളെ കാണണമെന്നും കവിതാറാവു പറഞ്ഞു.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സി ബി ഐ കവിതയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് സി ബി ഐ സംഘം വീട്ടിലെത്തിയത്. നവംബർ 25 ന് ഇ ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കവിതയുടെ പേരുള്ളത്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് സൗത്ത് ഗ്രൂപ്പ് എന്ന് പേരുള്ള സംഘത്തിൽ നിന്നും കേസിലെ പ്രതിയായ വിജയ് നായർ 100 കോടി രൂപ കൈപറ്റിയിട്ടുണ്ടെന്നും കവിതയും മകുന്ദു ശ്രീനിവാസലു റെഡ്ഡിയും ശരത് റെഡ്ഡിയുമാണ് സൗത്ത് ഗ്രൂപ്പിനു പിറകിലെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കവിതയ്ക്ക് സി ബി ഐ നോട്ടിസ് അയച്ചതും ചോദ്യം ചെയ്യാൻ എത്തിയതും.