ഹൈദരാബാദ്: കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സർക്കാർ. രണ്ട് ലക്ഷം വരെയുള്ള കർഷക വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. 2018 ഡിസംബർ 12 മുതൽ 2023 ഡിസംബർ 9 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. 40 ലക്ഷം കർഷകർക്ക് ഇതിന്‍റെ ഗുണം കിട്ടുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെലങ്കാന കോൺഗ്രസ് നൽകിയ വാഗ്ദാനമായിരുന്നു ഇത്. ആഗസ്റ്റ് 15-നകം ഈ വാഗ്ദാനം നടപ്പാക്കുമെന്ന് രേവന്ത് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടം 31,000 കോടി രൂപയാണ്.
കൃഷി ലാഭകരമായ തൊഴിലായി ഉയർത്തുക എന്നതാണ് കോൺഗ്രസ് നയമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമെല്ലാം ഉറപ്പ് പാലിക്കാൻ പ്രതിജ്ഞാബദ്ധരാണ്. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതിത്തള്ളാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. കഴിഞ്ഞ സർക്കാർ 10 വർഷം ഭരിച്ചിട്ടും കർഷകർക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് രേവന്ത് റെഡ്ഡി വിമർശിച്ചു. എന്നാൽ കോണ്‍ഗ്രസ് സർക്കാർ എട്ട് മാസം കൊണ്ടു തന്നെ വാഗ്ദാനങ്ങള്‍ പാലിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.