ഹൈദരാബാദ് : 75–ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും ജനത്തിരക്ക്. നൽഗോണ്ട ജില്ലയില ചിറ്റ്യാലിലുള്ള മഹാത്മാഗാന്ധി ക്ഷേത്രത്തിൽ ഇപ്പോൾ ദിവസം 350 പേർ വരെയെത്തുന്നു. അവർ ഗാന്ധിജിയെ തൊഴുതു പ്രാർഥിച്ചു മടങ്ങുന്നു. സാധാരണയായി ദിവസം നൂറിൽ താഴെ ആളുകളാണ് എത്തിയിരുന്നത്.
സ്വാതന്ത്ര്യദിനത്തിൽ പ്രത്യേക പൂജകളൊന്നുമില്ല. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ആണ് ഇവിടെ പ്രത്യേക പൂജകൾ നടക്കുന്നത്. ഹൈദരാബാദ് – വിജയവാഡ ഹൈവേക്കു സമീപം നാലേക്കർ സ്ഥലത്ത് 2014ലാണു ക്ഷേത്രം പണിതത്.
ഗ്രാമത്തിലെ ആളുകൾ മക്കളുടെ വിവാഹം ക്ഷണിക്കാൻ ബന്ധുക്കളെയും മറ്റും സന്ദർശിക്കുംമുൻപ് ക്ഷേത്രദർശനം നടത്തും. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ നവദമ്പതികൾക്കു പട്ടുവസ്ത്രങ്ങൾ സമ്മാനമായി നൽകാറുമുണ്ട്.




















