തെലങ്കാന: സ്ത്രീകള്‍ നീളം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും, കഴിയുന്നത്ര ശരീരം മറയ്ക്കണമെന്നും തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി. ഹൈദരാബാദിലെ കെ.വി രംഗ റെഡ്ഡി വിമന്‍സ് കോളജില്‍ ബുര്‍ഖ ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബുര്‍ഖ ധരിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥിനികളെ കോളജ് ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തിയെന്നാണ് ആരോപണം.
അരമണിക്കൂര്‍ വൈകിയാണ് തങ്ങളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചതെന്നും ബുര്‍ഖ അഴിച്ച് പരീക്ഷ എഴുതേണ്ടി വന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഈ വിഷയത്തില്‍ പ്രതികരിക്കവെയാണ് തെലങ്കാന ആഭ്യന്തര മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. കെ.വി രംഗ റെഡ്ഡി കോളജില്‍ നടന്ന വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സ്ത്രീകള്‍ ചെറിയ വസ്ത്രം ധരിച്ചാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.