ചവറ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികൾക്കെതിരെ ചവറ പോലീസ് കേസെടുത്തു. നീണ്ടകര പരിമണം കൈപ്പവിള ധർമശാസ്താ ക്ഷേത്രം ഭാരവാഹികൾക്കെതിരെയാണ് കേസ്. പൊതു ചടങ്ങുകൾക്ക് 50 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല എന്ന നിയന്ത്രണം നിലനിൽക്കെയാണ് ശനിയാഴ്ച വൈകീട്ട് ചെണ്ടമേളം, താലപ്പൊലി, ഫ്ലോട്ടുകൾ എന്നിവയുമായി ഘോഷയാത്ര ഹൈവേയിലെത്തി ഒരു കിലോമീറ്ററോളം സഞ്ചരിച്ച് തിരികെ പോയത്.
ഘോഷയാത്ര മൂലം ഹൈവേയിൽ അര മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. കൂടുതൽ പോലീസെത്തിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്. ഗതാഗത തടസ്സമുണ്ടാക്കിയതിന് ഫ്ലോട്ടുകളുടെ ഡ്രൈവർമാരെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ഉത്സവങ്ങൾ ചടങ്ങ് മാത്രമാക്കി കുറച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.