ചെങ്ങമനാട്: പറമ്പില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടര്‍ന്ന് സമീപത്തെ ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും മരത്തടികളും കത്തി നശിച്ചു. 15 അടിയോളം ഉയരത്തില്‍ ഇരുമ്പ് തകിടില്‍ നിര്‍മ്മിച്ച ഷെഡും അഗ്നിക്കിരയായി. സമീപത്തെ വീടുകളില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെങ്ങമനാട് കുണ്ടൂര്‍ വീട്ടില്‍ ലളിത രാജന്‍െറ വീടിനടുത്ത പറമ്പില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ദുരന്തം. ലളിതയുടെ ഭര്‍ത്താവ് രാജന്‍െറ മരണ ശേഷം ഉപയോഗിക്കാതെ പറമ്പിലെ ഷെഡില്‍ പാര്‍ക്ക് ചെയതിരുന്ന ടെമ്പോ ട്രാവലറാണ് കത്തി നശിച്ചത്. സമീപത്തുണ്ടായിരുന്ന സ്കൂട്ടറും സൈക്കിളും അഗ്നിക്കിരയായി.
പഴയ ലോറിയുടെ ചേസില്‍ നിന്ന് വേര്‍പ്പെടുത്തി ഫര്‍ണിച്ചറുണ്ടാക്കാന്‍ ഷെഡില്‍ സൂക്ഷിച്ചിരുന്ന ഒരു ടണ്ണോളം വരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഞ്ഞിലി മര ഉരുപ്പടികളും ലോറിയുടെ ടയറുകളും കത്തിനശിച്ചവയില്‍പ്പെടും. പറമ്പില്‍ നിന്ന് 40 മീറ്ററോളം കിഴക്കുമാറിയാണ് ലളിതയുടെ വീട്. രാവിലെ വീട്ടുജോലിക്കാരിയാണ് പറമ്പില്‍ നിറഞ്ഞ കരിയിലയും മറ്റ് അവശിഷ്ടങ്ങളും പലഭാഗത്തായി കൂട്ടിയിട്ട് കത്തിച്ചത്. കിഴക്കുവശത്ത് തീ അണഞ്ഞിരുന്നില്ല. കാറ്റിന്‍െറ ശക്തിയില്‍ തീ ആളിപ്പടര്‍ന്ന് മരഉരുപ്പടിക്കും ടയറുകള്‍ക്കും തീപിടിക്കുകയായിരുന്നുവത്രെ. അതിനിടെ സ്കൂട്ടറിലേക്കും തീപടര്‍ന്നതോടെ ഇന്ധന ടാങ്കും പൊട്ടിത്തെറിച്ചു. അതോടെയാണ് ടെമ്പോട്രാവലറിനും തുടര്‍ന്ന് ഷെഡിനും തീപിടിച്ചത്. ലോറിയുടെ പാര്‍ട്സുകളും അഗ്നിക്കിരയായി. സമീപത്തെ ബുള്ളറ്റ് ബൈക്കിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. അഗ്നിഗോളമായി തീ പടര്‍ന്ന് പിടിച്ചതോടെ ഷെഡിന്‍െറ തകിട് ഉരുകി വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു.
ചെങ്ങമനാട് പുത്തൻതോട് ഭാഗത്ത് കുണ്ടൂർ വീട്ടിൽ ലളിത രാജന്‍റെ പറമ്പില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തം അഗ്നിരക്ഷ സേന അണച്ചപ്പോൾ ഘോര ശബ്ദം കേട്ടാണ് സമീപവാസികള്‍ തീപിടിത്തം അറിഞ്ഞത്. ഈ സമയം ലളിത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുജോലിക്കാരി വീടിന്‍െറ പിറകുവശത്തായിരുന്നു. അനിയന്ത്രിതമായ തീപിടുത്തം കണ്ട നാട്ടുകാരെത്തി തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അങ്കമാലി അഗ്നിരക്ഷ സേനയെയും ചെങ്ങമനാട് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.അഗ്നിരക്ഷ സേനയുടെ വാഹനങ്ങളിലെ രണ്ട് ടാങ്ക് വെള്ളം ഉപയോഗിച്ച് അര മണിക്കൂറോളം സാഹസിക ശ്രമം നടത്തിയതോടെയാണ് തീയണക്കാനായത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
ചെങ്ങമനാട് എസ്.ഐ ഷാജി.എസ്.നായരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അസിസ്റ്റന്‍ഡ് സ്റ്റേഷന്‍ ഓഫിസര്‍ എന്‍.ജിജി, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.വി. പൗലോസ്, ഫയര്‍ഓഫിസര്‍മാരായ ഷൈന്‍ ജോസ്, രജി എസ്. വാര്യര്‍, അനില്‍ മോഹന്‍, ഹരി, രാഹുല്‍, സച്ചിന്‍, ഡ്രൈവര്‍മാരായ സുധി, ബൈജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. സംഭവത്തെ തുടര്‍ന്ന് അത്താണി – ചെങ്ങമനാട് റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.