കോഴിക്കോട്: താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗതകുരുക്കഴിക്കാന്‍ താല്‍ക്കാലിക സംവിധാനമൊരുക്കുന്നു. എന്‍ജിന്‍ തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്-കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ ടെലഫോണ്‍ ചര്‍ച്ചയിലാണ് തീരുമാനം. അടിവാരത്തും ക്രെയിന്‍ സൗകര്യമൊരുക്കും. ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് കലക്ടര്‍ എ. ഗീതയോട് നേരിട്ടും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ജില്ലയിലെയും കലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയത്.
താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കേടാവുന്നതാണ് പ്രധാന പ്രശ്നം. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് അധികൃതര്‍. ഇതിന്റെ ഭാഗമായാണ് ലക്കിടിയില്‍ ക്രെയിന്‍ സൗകര്യം ഒരുക്കുന്നത്. എവിടെനിന്നാണോ ക്രെയിന്‍ എത്തിക്കാന്‍ എളുപ്പമെന്ന് നോക്കി എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് രണ്ടുഭാഗത്തും ചുരം അതിര്‍ത്തിയില്‍ ക്രെയിന്‍ സൗകര്യം ഒരുക്കുന്നത്. എത്രയും പെട്ടെന്ന് ഇത് സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ വന്‍ കുരുക്കാണ് ചുരത്തില്‍ അനുഭവപ്പെട്ടത്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങി. എട്ടാം വളവില്‍ കുടുങ്ങിയ ലോറി നീക്കാന്‍ ക്രെയിന്‍ എത്താന്‍ വൈകിയതാണ് കുരുക്ക് രൂക്ഷമാക്കിയത്. വലിയചരക്കുമായി വരുന്ന ടോറസ് ലോറികളും മള്‍ട്ടി അക്‌സല്‍ ബസ്സുകളും ചുരത്തില്‍ കുടുങ്ങുന്നതാണ് പലപ്പോഴും മണിക്കൂറുകള്‍ ഗതാഗതകുരുക്കിനിടയാക്കുന്നത്.