ദില്ലി : ഹിമാലയത്തിൽ മഞ്ഞുരുകൽ പതിന്മടങ്ങ് വർധിക്കുന്നതായി കണ്ടെത്തൽ. ബ്രിട്ടനിലെ ലീഡ്സ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗത്തിൽ ഉരുകുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് മഞ്ഞുരുകലിൽ പത്തുമടങ്ങോളം വർധനവുണ്ടായിട്ടുളളതായി പഠനത്തിന് നേതൃത്വം നൽകിയ ഡോ.ജൊനാഥൻ കാരിവിക് പറയുന്നു. കാലാവസ്ഥാവ്യതിയാനമാണ് മഞ്ഞുപാളികൾ ഇല്ലാതാകുന്നതിനുളള പ്രധാനകാരണം. മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് 0.92 മില്ലിമീറ്റർ മുതൽ 1.38 മില്ലിമീറ്റർ വരെ ഉയരുന്നതിന് കാരണമായിട്ടുണ്ട്.
ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ബ്രഹ്മപുത്ര, ഗംഗ, സിന്ധു എന്നീ നദികളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതുവരെ കാണാത്ത മാറ്റങ്ങൾക്കാണ് ഇവിടുത്തെ ജനങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് പഠനത്തിന്റെ സഹരചയിതാവ് ഡോ.സൈമൺ കുക്ക് പറഞ്ഞു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് വേഗത കൂടിയിട്ടുണ്ടെന്നും അവ മുഴുവൻ രാജ്യങ്ങളിലും പ്രദേശങ്ങളിലും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കുക്ക് പയുന്നു.