അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിൽ അധ്യാപകർക്ക് സ്കൂളിൽ കൈത്തോക്ക് കൊണ്ടുപോകാൻ അനുവദിക്കുന്ന ബിൽ പാസാക്കി. യുഎസ്സിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വെടിവയ്പ്പ് തുടർക്കഥയാവുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. കഴിഞ്ഞ വർഷമാണ് ടെന്നസിയിലെ നാഷ്‌വില്ലേ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടത്. ഇത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഈ മാസം ആദ്യമാണ് അധ്യാപകരെ സ്കൂളിൽ കൈത്തോക്ക് കൊണ്ടുപോകാൻ അനുവദിക്കുന്ന ബിൽ സെനറ്റ് പാസാക്കിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 68 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഇവിടെ ഭൂരിപക്ഷം. അധ്യാപകർ സ്കൂളിൽ തോക്ക് കൊണ്ടുചെന്നാൽ അത് ഇത്തരം വെടിവയ്പ്പുകളെ തടയും എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിപ്രായം.
അതേസമയം സ്കൂളുകളിൽ തോക്കു കൊണ്ടുപോകുന്ന അധ്യാപകരും മറ്റ് വിദ്യാലയ ജീവനക്കാരും 40 മണിക്കൂർ പ്രത്യേകം പരിശീലനം നേടിയിരിക്കണം. ആ പരിശീലനത്തിനുള്ള തുകയും അതുപോലെ തോക്ക് വാങ്ങാനുള്ള ചെലവും ഇവർ തന്നെ വഹിക്കേണ്ടി വരും. ഒപ്പം സ്കൂളിലെ പ്രിൻസിപ്പലിന്റെ അനുവാദവും തോക്ക് സ്കൂളിൽ കൊണ്ടുചെല്ലുന്നതിന് വേണ്ടതുണ്ട്. പക്ഷേ, തോക്ക് കയ്യിലുള്ള അധ്യാപകരുടെയോ അനധ്യാപകരുടെയോ പേരുവിവരം രഹസ്യമായിരിക്കും. പ്രാദേശിക നിയമപാലകരുടെ കൈവശം ഇവരുടെ മുഴുവൻ വിവരങ്ങളും ഉണ്ടായിരിക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നു.
അധ്യാപകർക്കും മറ്റ് സ്റ്റാഫുകൾക്കും തോക്ക് നൽകുന്നത് കഴിഞ്ഞ 25 വർഷങ്ങളായി തുടരുന്ന സ്കൂളിലെ വെടിവയ്പ്പ് തടയും എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയിലുള്ളവർ പറയുന്നത്. അതേസമയം തന്നെ ഡെമോക്രാറ്റുകൾ ഇതിനെ എതിർക്കുന്നുണ്ട്. കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം അവർ വീണ്ടും തോക്കുകളെയാണ് സംരക്ഷിക്കുന്നത് എന്നാണ് ഡെമോക്രാറ്റുകളുടെ പ്രധാന ആരോപണം.
തോക്കുകൾക്ക് ലൈസൻസ് നൽകുന്നത് തന്നെ നിർത്തലാക്കണം എന്ന ആവശ്യം ഉയർന്നുവരുന്നതിനിടയിലാണ് ഇങ്ങനെ ഒരു ബിൽ പാസാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.