ഇസ്രയേല്‍: ബന്ദികളെ വിട്ടുകിട്ടുന്നതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഹമാസിനെ സഹായിക്കുമെന്ന് അമേരിക്ക ആരോപിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അതേസമയം യുദ്ധത്തില്‍ മരണസംഖ്യ 9,400 ആയി.
തെക്കന്‍ ഗസ്സയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇസ്രയേലിന്റെ ആക്രമണത്തില്‍ 60 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഗസ്സയിലെ മഗസി അഭയാര്‍ഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള പ്രധാന ജലസ്രോതസ് തകര്‍ന്നു.
വെടിനിര്‍ത്തലിനായി യുഎസ് ഇസ്രയേലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അറബ് ലോകം വീണ്ടും ആവശ്യപ്പെട്ടു. വീണ്ടുമെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് നേതാക്കള്‍ ഈ ആവശ്യം ആവര്‍ത്തിച്ചു. പൊതുവായ വെടിനിര്‍ത്തലിനെ യുഎസ് അനുകൂലിക്കുന്നില്ലെങ്കിലും സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ബ്ലിങ്കന്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.