ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് കൂടി വീരമൃത്യു. രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആകെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഭീകരർക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. ഇന്നലെ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ടു സൈനികര്‍ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവത്തെതുടര്‍ന്ന് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് കൂടുതല്‍ സൈനികർ എത്തിയിട്ടുണ്ട്.
ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിർത്തിമേഖലയിലുൾപ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.
ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്‍റെ ആസ്ഥാനത്തുനിന്നും ദേരകിഗലിയിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.