ദില്ലി: രാജ്യത്തെ ഞെട്ടിച്ച് പഞ്ചാബിൽ ഭീകരാക്രമണം. പഞ്ചാബില്‍ തരൻ തരൻ ജില്ലയിലെ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം ഉണ്ടായത്. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പാക്കിസ്ഥാൻ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ യുഎപിഎ വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു ഭീകരാക്രണം നടന്നത്. സംഭവത്തില്‍ ഇതുവരെ ആളപായം ഉണ്ടായിട്ടില്ല. പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യ- പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്നതാണ് ആക്രമണം നടന്ന പോലീസ് സ്റ്റേഷന്‍. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.