ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ അടുത്തിടെ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സിആർപിഎഫിന്റെ 18 കമ്പനി (ഏകദേശം 1,800 ഉദ്യോഗസ്ഥരെ) രണ്ടാഴ്ചയ്ക്കിടെ രണ്ട് ഭീകരാക്രമണങ്ങളെത്തുടർന്ന് വ്യാപകമായ പരിഭ്രാന്തി നിലനിൽക്കുന്ന രജൗരിയിൽ വിന്യസിക്കുകയാണെന്ന് സൈനികവൃത്തങ്ങൾ പറയുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധമാണ് ജില്ലയിൽ നടന്നത്.
രജൗരിയിൽ ഹിന്ദു കുടുംബങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ മൂന്ന് ദിവസമായി നൂറുകണക്കിന് സുരക്ഷാ സേനാംഗങ്ങൾ പ്രദേശത്ത് വൻ തിരച്ചിൽ നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നേമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും സിആർപിഎഫും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും അപ്പർ ഡാംഗ്രി ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കുട്ടികളാണ്. സായുധരായ രണ്ട് ഭീകരർ മൂന്ന് വീടുകളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു.