ഇലക്ട്രിക്ക് വാഹനത്തിന്റെ വമ്പൻ വിപ്ലവത്തിനാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോകമാകെ സീറോ-എമിഷൻ മൊബിലിറ്റിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ടൂവീലറുകളെ കൂടാതെ കാറുകൾ, ബൈക്കുകൾ, ബസുകൾ, ട്രക്കുകൾ എന്നിവയുടെ കാര്യത്തിൽ ഓപ്ഷനുകളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആന്തരിക ജ്വലന എഞ്ചിൻ ഉള്ള ഒരു വാഹനങ്ങള്‍ ഇപ്പോഴും വളരെ സാധാരണമാണ്. എങ്കിലും, ക്രമേണ അവ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ചില രാജ്യങ്ങളിൽ ഇതിന് കുറച്ച് വർഷങ്ങൾ എടുത്തേക്കാം. അല്ലെങ്കിൽ ചിലയിടങ്ങളിലെങ്കിലും കുറച്ച് പതിറ്റാണ്ടുകൾ എടുത്തേക്കാം. എന്നാൽ പുതിയ സാങ്കേതിക വാഹനങ്ങളുടെ ആവിർഭാവം, ഉൽപ്പാദന സൗകര്യങ്ങളിലെ തൊഴിൽ വെട്ടിക്കുറവ് പോലുള്ള പരോക്ഷമായ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക് വാഹനങ്ങളിലെ സാങ്കേതിക ഭാഗങ്ങൾ കുറവായതും ഓട്ടോമേഷനിൽ വർദ്ധിച്ചുവരുന്ന ആശ്രിതത്വവും ഉൽപ്പാദന കേന്ദ്രങ്ങളിലെ, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനിലെ ജോലികൾക്ക് വലിയ ഭീഷണി ഉയർത്തുന്ന രണ്ട് വലിയ ഘടകങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജർമ്മനി ഉയർത്തിയ ആശങ്കകൾ കാരണം ആന്തരിക ജ്വലന എഞ്ചിനുകളുള്ള കാറുകൾ നിരോധിക്കുന്നതിനുള്ള നിർണായക വോട്ട് യൂറോപ്യൻ യൂണിയൻ അടുത്തിടെ നീട്ടി വച്ചിരുന്നു. ഇത്തരമൊരു നിരോധനം 2035ന് ശേഷം വാഹന വ്യവസായത്തെയും വാഹനങ്ങളിലെ ഇ-ഇന്ധനങ്ങളുടെ ഉപയോഗത്തെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യങ്ങൾ ജര്‍മ്മനി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.