കോഴിക്കോട്: നിലമ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ റോഡിൽ പ്രതിഷേധിച്ചതിന് മനുഷ്യാവകാശ പ്രവർത്തകൻ എ. വാസുവിനെതിരായ കേസിൽ സാക്ഷിവിസ്താരം കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.പി. അബ്ദുൽ സത്താർ മുമ്പാകെ പൂർത്തിയായി. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം വാസുവിനെ ചോദ്യംചെയ്യാൻ കേസ് 11ലേക്ക് മാറ്റി. സംഭവദിവസം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സിവിൽ ഓഫിസറായിരുന്ന പി. ജയചന്ദ്രന്റെ വിസ്താരം വ്യാഴാഴ്ച നടന്നതോടെയാണ് സാക്ഷിവിസ്താരം പൂർത്തിയായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടം മുതൽ ദേവഗിരി കോളജ് കവലവരെ മുപ്പതോളം പേർ പ്രകടനം നടത്തിയ വിഡിയോ താൻ പകർത്തിയെന്നും അതിൽ പങ്കെടുത്ത പ്രതി വാസുവിനെ തനിക്ക് തിരിച്ചറിയാമെന്നും ജയചന്ദ്രൻ മൊഴിനൽകി. സാക്ഷിയെ എതിർ വിസ്താരം ചെയ്യുന്നില്ലെന്ന് വാസു കോടതിയിൽ അറിയിച്ചു. മൊത്തം ഏഴു സാക്ഷികളെ വിസ്തരിച്ചതിൽ ഏഴാം സാക്ഷി യു. ലാലു കൂറുമാറിയിരുന്നു. ഗതാഗത തടസ്സമുണ്ടായത് താൻ കണ്ടില്ലെന്നായിരുന്നു ലാലുവിന്റെ മൊഴി. സെപ്റ്റംബർ 12ലേക്ക് മാറ്റിയ കേസ് പെട്ടെന്ന് തീർക്കാനായി വ്യാഴാഴ്ച പരിഗണിക്കാൻ കോടതി സ്വമേധയാ തീരുമാനിച്ച് ഇ-കോർട്ട് ശൃംഖലവഴി അറിയിക്കുകയായിരുന്നു. ജാമ്യമെടുക്കാൻ വിസമ്മതിച്ച വാസുവിന്റെ റിമാൻഡ് 12വരെ തുടരും. 2016 നവംബർ 26ന് നടന്ന പ്രതിഷേധത്തിനെടുത്ത കേസിൽ ഹാജരാകാത്തതിനാൽ വാറന്റ് പ്രകാരം ജൂലൈ 29നാണ് വാസുവിനെ അറസ്റ്റു ചെയ്തത്.