കല്‍പ്പറ്റ: ഒരു ദിവസം പോലും അപകടങ്ങള്‍ക്ക് ഒഴിവ് നല്‍കാതെ താമരശ്ശേരി ചുരം. ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചുരത്തില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലും താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ അപകടം നടന്നു. ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ലോറി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. മൈസൂരുവില്‍ നിന്നും ഗ്യാസ് സിലിണ്ടറുകളുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനം ചുരമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്നും അമ്പത് മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ രവികുമാര്‍ തലയ്ക്ക് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മറിഞ്ഞ ലോറിയില്‍ നിന്ന് ഡ്രൈവര്‍ സ്വയം പുറത്തുകടന്ന് മുകളിലേക്ക് വരികയായിരുന്നു. അപകടവിവരമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തോടൊപ്പം ഹൈവേ പൊലീസ്, അടിവാരം ഔട്ട് പോസ്റ്റ് പൊലീസ്, ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അധികൃതര്‍ പരിശോധിച്ച് വരികയാണ്. ഡ്രൈവര്‍ ഉറങ്ങിപോയതാണോ മറ്റ് ഏതെങ്കിലും വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുന്നതിനിടെ മറിയുകയായിരുന്നോ എന്ന് പൊലീസ് പരിശോധിക്കും. നിലവില്‍ ചുരത്തില്‍ പറയത്തക്ക ഗതാഗത തടസ്സങ്ങള്‍ ഒന്നുമില്ല. അപകടസ്ഥലത്ത് ഗ്യാസ് സിലിണ്ടറുകള്‍ ചിതറി കിടക്കുകയാണ്. ഇവയില്‍ നിന്ന് ഗ്യാസ് ചോരുന്നുണ്ടോ എന്ന കാര്യം ഫയര്‍ഫോഴ്‌സ് പരിശോധിക്കും. ഇതിന് ശേഷം മുഴുവന്‍ സിലിണ്ടറുകളും ഇവിടെ നിന്നുമാറ്റിയതിന് ശേഷമായിരിക്കും ലോറി താഴ്ചയില്‍ നിന്ന് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.