താമരശേരി> കോളേജിലെ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. കൽപ്പറ്റ പുഴമുടി കടുമിടുക്കിൽ വീട്ടിൽ ജിനാഫ് (32)ആണ് താമരശേരി ഡിവൈഎസ്പി അഷറഫ് തെങ്ങലകണ്ടിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരിന് അടുത്തുള്ള ചേരൻ നഗറിൽ നിന്നും പിടികൂടിയത്.
മെയ് 28-നാണ് പുതുപ്പാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് കാറിൽ കയറ്റി വയനാട്ടിൽ കൊണ്ടുപോയത്. പിന്നീട് 30ന് വീണ്ടും നിർബന്ധിച്ച് കാറിൽ കയറ്റി എറണാകുളം നെടുമ്പാശ്ശേരിയിൽ പ്രതിയുടെ ഒരു സുഹൃത്തിനെ എയർപോർട്ടിൽ ഇറക്കി മടങ്ങുന്ന വഴി കാറിൽ വച്ചും ലോഡ്ജിൽ വച്ചും മയക്കു മരുന്ന് നൽകി പീഡിപ്പിക്കുകയും ഒന്നാം തിയ്യതി താമരശേരി ചുരത്തിൽ ഇറക്കി കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലായത്തോടെ ചെന്നൈയിലും, കോയമ്പത്തൂരിലും ഒളിച്ച്‌കഴിയുന്നതിനിടയിലാണ് പൊലീസിന്റ പിടിയിലാവുന്നത്.
വയനാട് കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാളുടെ കൂട്ടാളികളെയും അടുത്ത സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തും നാട്ടിൽ നിന്നും മാറി നിൽക്കുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ് നാട്ടിലേക്കു കടന്നതായി പൊലീസിന് മനസ്സിലായത്. ഇയാൾ ഉൾപ്പെട്ട വയനാട്ടിലെ ലഹരി സംഘത്തെക്കുറിച്ച് വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈഎസ്‌പി പറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്ത് മാസം നടന്ന പെരുവണ്ണാമുഴി പന്തിരിക്കര ഇർഷാദ് വധക്കേസിലെ 11 പ്രതിയാണ് പിടിയിലായ ജിനാഫ്.
ഗൾഫിൽ നിന്നും സ്വർണ്ണം കള്ളകടത്തു നടത്തി കരിപ്പൂർ എയർപോർട്ടിൽ വെച്ച് ഉടമക്ക് കൈ മാറാതെ സ്വർണ്ണവുമായി മുങ്ങിയ ഇർഷാദിനെ വൈത്തിരിയിലെ ലോഡ്ജിൽ നിന്നും ജിനാഫ് ഉൾപ്പെട്ട സംഘം ഗൂഡാലോചന നടത്തി തട്ടി കൊണ്ട് പോയി കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു സ്വർണ്ണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്വട്ടേഷൻ സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പുഴയിൽ ചാടിയ ഇർഷാദ് മുങ്ങി മരണപ്പെടുകയായിരുന്നു. ഈ കേസിൽ മൂന്നര മാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്.
താമരശേരി ഇൻസ്‌പെക്ടർ എൻ കെ സത്യനാഥൻ , സ്പെഷ്യൽ സ്‌ക്വാഡ് എസ്ഐ രാജീവ് ബാബു, എസ്ഐ വി പി അഖിൽ, മുക്കം എസ്ഐ കെ എസ് ജിതേഷ്, എസ്‌സിപിഒ എൻ എം ജയരാജൻ, സിപിഒ റീന,ഷൈജൽ, വി ആർ ശോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.