ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട് തഞ്ചാവൂരിലെ കുംഭകോണം പാപനാശത്താണ് സംഭവം. ബുധനാഴ്ചയാണ് അപകടം നടന്നത്. മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.കോകില ഭർത്താവിന്‍റെ മരണശേഷം പ്രദേശത്ത് മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. പൊട്ടിത്തെറിയിൽ കടയിൽ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ചൊവ്വാഴ്ച്ച മഹാരാഷ്ട്രയിലെ നാസിക്കിൽ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. പൊട്ടിത്തെറിയില്‍ വീടിന്റെ ജനാല കത്തിനശിച്ചു. നാസിക്കിലെ സിഡ്‌കോ ഉത്തംനഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനം നടന്ന വീടിന്റെ ചുറ്റുമുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകൾ പൊട്ടിച്ചിതറി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനടുത്ത് ഒരു പെര്‍ഫ്യൂം ബോട്ടിലും ഉണ്ടായിരുന്നു. ഇതാണ് സ്‌ഫോടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മൊബൈൽ അപകടകാരി
മൊബൈൽ ഉപയോഗിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. ലിഥിയം അയോൺ ബാറ്ററികളാണ് സാധാരണ സ്മർട്ട് ഫോണുകളിൽ ഉപയോഗിക്കാറ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളിൽ ലിഥിയം പോളിമർ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ബാറ്ററി ചാർജിംഗിലുണ്ടാകുന്ന തകരാറുകളാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്.
ചാർജിങ്
ചാർജിങ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാൽ തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
ചാർജിംഗിന് ഇട്ട ഫോൺ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തിൽ ചാർജ് ചെയ്യുമ്പോൽ ഫോൺ അമിതമായി ചൂടാവുകയും ചാർജിംഗ് പ്രക്രിയ കൃത്യമായി നടക്കാതെ വരികയും ചെയ്യുന്നു. ഏറെ നേരം ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഫോണിന്റെ ഹീറ്റിംഗ് കപ്പാസിറ്റിക്കപ്പുറം പോവുകയും ഫോൺ പൊട്ടിത്തെറിക്കുന്നതിലേക്കെത്തുകയും ചെയ്യുന്നു.
100 ശതമാനം ചാർജ് ആയ ശേഷമേ പ്ലഗിൽ നിന്നും എടുത്തുമാറ്റാവൂവെന്ന ചിന്ത ഒഴിവാക്കണം. കാരണം 20 മുതൽ 80 ശതമാനം വരെയാണ് ഓരോ ഫോണിന്റെയും ഹെൽത്തി ചാർജിംഗ് ടൈം.ഫോൺ ചൂടാകാനുള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ചൂടുള്ള പ്രതലങ്ങളിലോ, നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലങ്ങളിലോ വെച്ച് ചാർജ് ചെയ്യാതിരിക്കുക.
ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു കാര്യം. കാരണം ഇടയ്ക്കിടെ ചാർജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററി ലൈഫ് കുറയ്ക്കുമന്നാണ് വിദഗ്ധർ പറയുന്നത്. കഴിവതും ഒറിജിനൽ ചാർജറും കേബിളും ഉപയോഗിച്ച് ചാർജ് ചെയ്യാൻ ശ്രമിക്കുക. ഫാസ്റ്റ് ചാർജിംഗ് സംവിധാനം സപ്പോർട്ട് ചെയ്യാത്ത മൊബൈൽ ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാതിരിക്കുക. കാരണം. കൂടുതൽ പവർ ബാറ്ററിയിലേക്കെത്തുന്നത് ബാറ്ററിയുടെ ചാർജ് അബ്‌സോർബിംഗ് കപ്പാസിറ്റിയെ ബാധിക്കുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.
ഫോണ്‍ കെയിസ്
കെയ്‌സുകളാണ് മറ്റൊരു വില്ലൻ. ഫോൺ ചാർജ് ചെയ്യുമ്പോൾ കെയ്‌സ് ഇട്ട് ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ചാർജിംഗ് വേളയിൽ ബാറ്ററികൾ സ്വാഭാവികമായും ചെറിയ തോതിൽ ചൂടാകും. എന്നാൽ കെയിസ് ഇട്ട് ചാർജ് ചെയ്യുന്നത് ഫോണിലെ ചൂട് പുറത്തുപോകുന്നത് തടയും. അതിനാൽ തന്നെ കെയ്‌സ് ഇട്ടുകൊണ്ട് ഫോൺ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അതും അപകടത്തിലേക്ക് നയിച്ചേക്കാം.
ചാർജിംഗിന് വെച്ച് കിടന്നുറങ്ങുന്നത്
രാത്രിയേറെ വൈകിയുള്ള ഫോൺ ഉപയോഗത്തിന് ശേഷം കിടക്കുന്നതിന് തൊട്ടടുത്ത് ഫോൺ ചാർജിംഗിനിട്ട് കിടന്നുറങ്ങുന്നവരാണ് നമ്മളിൽ പലരും. ചാർജിംഗ് പൂർത്തിയായാൽ ഫോണിലേക്കുള്ള പവർ ഫോൺ ഓട്ടോമാറ്റിക്കായി കട്ടാക്കും എന്നാണ് പറയുന്നത്. എന്നാൽ സോഫ്റ്റ്‌വെയറിലുണ്ടാകുന്ന ചെറിയ ബഗ്ഗുകളോ ഹാർർഡ് വെയർ പ്രശ്‌നങ്ങളോ ഫോണിന്റെ ബാറ്ററിയിലേക്ക് അമിതമായി ചാർജ് കേറാൻ ഇടയാവുകയും ഒരുപക്ഷേ പൊട്ടിത്തെറിയിലെത്തുകയും ചെയ്യുന്നു.
ഹാർഡ് വെയർ പ്രശ്‌നങ്ങൾ.
അതിസൂക്ഷമമായ ഇലക്ട്രോണിക് ചിപ്പുകൾ ഉപയോഗിച്ചാണ് മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇവയ്ക്കുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും ഫോണിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചേക്കാം. ഫോൺ തറയിലേക്ക് വീഴുന്നതോ ശക്തയായി എവിടെയെങ്കിലും ഇടിക്കുന്നതോ ഹാർഡ് വെയറിന് തകരാർ സംഭവിക്കാൻ കാരണമാകും. യഥാസമയം ഇത് റിപ്പയർ ചെയ്തില്ലെങ്കിൽ പിന്നീട് ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുകയും ചെയ്യുന്നു. മാത്രമല്ല ദീർഘസമയം ഫോൺ ഉപയോഗിക്കുന്നതും ഫോൺ ചൂടാകാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.