ചെന്നൈ ∙ ഓസ്ട്രേലിയയിൽ ശുചീകരണ തൊഴിലാളിയെ കത്തിയുമായി ആക്രമിച്ച മുപ്പത്തിരണ്ടുകാരനായ തമിഴ്നാട് സ്വദേശിയെ പൊലീസ് വെടിവച്ചു കൊന്നു. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലക്കാരനായ മുഹമ്മദ് റഹ്മത്തുള്ള സയീദ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സിഡ്നിക്കു സമീപം ഓബേൺ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെ ആക്രമിച്ചതിനു പിന്നാലെയാണ് ഇയാളെ ഓസ്ട്രേലിയൻ പൊലീസ് വെടിവച്ചിട്ടത്. ഇയാളുടെ ആക്രമണത്തിന് ഇരയായ ശുചീകരണ തൊഴിലാളി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ശുചീകരണ തൊഴിലാളി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, അഹമ്മദിനെ പിടികൂടാൻ ശ്രമിച്ചു. ഈ സമയം ചോരപുരണ്ട കത്തിയുമായി നിൽക്കുകയായിരുന്നു ഇയാൾ. കീഴടങ്ങാനുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ച അക്രമി, അവരെയും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസുകാരിൽ ഒരാൾ വെടിയുതിർത്തത്.
രണ്ട് വെടിയുണ്ടകൾ ഇയാളുടെ നെഞ്ചിലൂടെയാണ് തുളഞ്ഞുകയറിയത്. വെടിയേറ്റു വീണ അഹമ്മദിനെ പൊലീസ് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഹമ്മദും ഇയാൾ ആക്രമിച്ച ശുചീകരണ തൊഴിലാളിയും തമ്മിൽ മുൻപരിചയമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. 2019ൽ ഓസ്ട്രേലിയയിൽ എത്തിയ അഹമ്മദ്, അവിടെ ഒരു റസ്റ്ററന്റിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.
കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസുകാരുമായി വഴക്കിട്ടതിന് അഹമ്മദിനെതിരെ അഞ്ച് കേസുകൾ നിലവിലുണ്ട്. അഹമ്മദിന്റെ പിതാവ് സയീദ് അഹമ്മദ്, മൂത്ത സഹോദരൻ മുഹമ്മദ് അബ്ദുൽ ആലിം എന്നിവർ മറ്റു കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലാണ് താമസം. ഭാര്യയുമായി പിരിഞ്ഞ അഹമ്മദ് അതിനു ശേഷം കടുത്ത വിഷാദത്തിലായിരുന്നുവെന്ന് തഞ്ചാവൂരിൽ ഇവരുടെ അയൽവാസിയായ യുവാവിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.