ചെന്നൈ: തനിക്ക് പിറന്നാൾ ആശംസ നേർന്ന മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിൽ നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നന്ദി സഖാവെ എന്ന് തുടങ്ങുന്ന സന്ദേശം ട്വിറ്ററിലാണ് സ്റ്റാലിൻ പങ്കുവെച്ചത്.ആശംസകള്‍ക്ക് നന്ദി സഖാവേ. തെക്കേ ഇന്ത്യയില്‍ നിന്ന് ഫാഷിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം -എന്നാണ് മലയാളത്തിൽ സ്റ്റാലിൻ മറുപടി പറഞ്ഞത്.
ഇന്നലെയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ജന്മദിനം. ട്വിറ്ററിൽ ഇന്നലെയായിരുന്നു പിണറായി വിജയൻ ആംശസ നേർന്നത്. ‘പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. കേരള – തമിഴ്നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും നമ്മുടെ മാതൃഭാഷയുടെയും സംരക്ഷണത്തിൽ നിങ്ങൾ രാജ്യത്തുടനീളമുള്ളവരുടെ ഹൃദയങ്ങൾ കീഴടക്കി. നിങ്ങൾക്ക് സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു!’ -എന്നായിരുന്നു ഇംഗ്ലീഷിൽ ജന്മദിന സന്ദേശം.
ഇന്നലെ ജന്മദിനമാഘോഷിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും പിണറായി വിജയൻ ആശംസ നേർന്നിരുന്നു.




















