ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി മുൻ ഭാര്യ ജെമീമ ഗോൾഡ്‌സ്മിത്ത്. ഭയപ്പെടുത്തുന്ന വാർത്തയാണെന്ന് ട്വീറ്റ് ചെയ്ത അവർ, ആക്രമണം പരാജയപ്പെടുത്തിയ വ്യക്തിയെ പ്രശംസിക്കുകയും ചെയ്തു. ‘ഞങ്ങൾ ഭയപ്പെടുന്ന വാർത്ത… അദ്ദേഹത്തെ രക്ഷിച്ചതിന് ദൈവത്തിന് നന്ദി, തോക്കുധാരിയെ നേരിട്ട ആൾക്കൂട്ടത്തിലെ വീരനായ മനുഷ്യന് അദ്ദേഹത്തിന്റെ മക്കളിൽ നിന്നും നന്ദി അറിയിക്കുന്നു’ എന്നുമായിരുന്നു അവരുടെ ട്വീറ്റ്. ആക്രമിയെ തടയാൻ ശ്രമിച്ച മറ്റൊരു ഹീറോ, നിർഭാഗ്യവശാൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു- എന്നും മറ്റൊരു ട്വീറ്റിൽ ജെമീമ കുറിച്ചു.
അതേസമയം ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു. എന്നാല്‍ വെടിയുണ്ടയേറ്റ് കാലിലെ എല്ലിന് പൊട്ടലുണ്ടെന്നും എങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ ശാരീരിക പ്രശ്നങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അറിയിപ്പില്‍ പറയുന്നു. എങ്കിലും അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇമ്രാന്‍ ഖാന്‍റെ രക്ഷസമ്മർദ്ദം നിയന്ത്രണവിധേയമാണെന്നും ഡോ. ഹൈസല്‍ സുല്‍ത്താന്‍ അറിയിച്ചു. ഡോ. ഫൈസല്‍ സുല്‍ത്താന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇമ്രാന്‍ ഖാന്‍റെ ചികിത്സ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ മുന്‍ സ്പെഷ്യല്‍ അസിസ്റ്റന്‍റായിരുന്നു ഡോ.ഫൈസല്‍ സുല്‍ത്താന്‍.
ഇതിനിടെ ഇമ്രാന്‍ ഖാന് വെടിയേറ്റതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങൾ ഉയർന്നുവന്നു. ഇമ്രാന്‍ ഖാനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ അദ്ദേഹത്തിന്‍റെ അനുയായികളെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ പാടുപെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാന്‍ ഖാന്‍റെ തെഹ്‍രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടി കഴിഞ്ഞ വെള്ളിയാഴ്ച ലോഹോറില്‍ നിന്ന് ‘ഹഖിഖി ആസാദി’ മാര്‍ച്ച് ആരംഭിച്ചത്.
മാര്‍ച്ചിന്‍റെ തുടക്കം മുതല്‍ പ്രശ്നങ്ങളായിരുന്നു. കഴിഞ്ഞ 30 -ാം തിയതി ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും അഭിമുഖം നടത്തുന്നതിനിടെ ചാനല്‍ 5 വിന്‍റെ റിപ്പോര്‍ട്ടര്‍ സദഫ് നയിം താഴെ വീണ് വാഹനത്തിന് അടിയില്‍പ്പട്ട് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലോംഗ് മാര്‍ച്ച് ഒരു ദിവസം നിര്‍ത്തി വച്ച ശേഷം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പങ്കാളിത്തമുണ്ടെന്നും ഇതില്‍ ഒരാളെ കീഴ്പ്പെടുത്തിയപ്പോള്‍ മറ്റേയാള്‍ ആളുകള്‍ക്കൂട്ടത്തില്‍ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.