ഒട്ടാവ: പാകിസ്താനിൽ നിന്നും കാനഡയിലേക്ക് പോയ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിലെ എയർഹോസ്റ്റസിനെ കാണാതായി. ടൊർണാന്റോയിലെ ഹോട്ടലിൽ നിന്നുമാണ് എയർ ഹോസ്റ്റസിനെ കാണാതായത്. പാകിസ്താൻ എയർലൈൻസിന് നന്ദി പറയുന്ന കുറിപ്പും ഇവരുടെ റൂമിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മരിയം റാസ തിങ്കളാഴ്ചയാണ് പാകിസ്താൻ എയർലൈൻ വിമാനത്തിൽ കാനഡയിലെത്തിയത്. എന്നാൽ, കറാച്ചിയിലേക്കുള്ള മടക്ക വിമാനത്തിൽ ഇവർ കയറിയിരുന്നില്ല. തുടർന്ന് ഇവരുടെ മുറിയിലെത്തിയ പരിശോധിച്ചപ്പോഴാണ് പാകിസ്താൻ എയർലൈൻസിന് നന്ദി പറയുന്ന കുറിപ്പും യൂണിഫോമും കണ്ടെത്തിയത്.
ഇതാദ്യമായല്ല പാകിസ്താൻ എയർലൈൻ ജീവനക്കാർ കാനഡയിലെത്തി മുങ്ങുന്നത്. ഇതിന് മുമ്പ് കഴിഞ്ഞ മാസം ഫൈസ മുക്തർ എന്ന എയർഹോസ്റ്റസും ഇത്തരത്തിൽ മുങ്ങിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താൻ എയർലൈൻ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇതിനിടെയാണ് ജീവനക്കാർ ഇത്തരത്തിൽ മുങ്ങുന്ന പ്രവണത കൂടുതലായി കാണുന്നത്.
2023ൽ ഏഴ് കാബിൻ ക്രൂ അംഗങ്ങളെ ഇത്തരത്തിൽ കാനഡയിലെത്തി കാണാതായിരുന്നു. ഡിസംബറിൽ രണ്ട് പേരെയാണ് കാണാതായത്. 2022ലും സമാനമായ രീതിയിൽ എയർലൈൻ ജീവനക്കാരെ കാണാതായിരുന്നു. അഭയാർഥികളോട് കാനഡ കാണിക്കുന്ന ലിബറൽ നയങ്ങളാണ് ജീവനക്കാർ കാണാതെ പോവുന്നതിന് പിന്നിലെന്നാണ് പാകിസ്താൻ കുറ്റപ്പെടുത്തുന്നത്.