കൊച്ചി > ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവത്തെ പ്രമേയമാക്കി ചിത്രീകരിക്കുന്ന ‘തങ്കമണി’ സിനിമയിൽനിന്ന് സാങ്കൽപ്പിക ബലാത്സംഗ രംഗങ്ങളടക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് വെടിവയ്പിൽ കലാശിച്ചതെന്നും മറ്റ് മാനങ്ങൾ നൽകിയുള്ള ചിത്രീകരണം ഗ്രാമീണരോടുള്ള വിവേചനമാണെന്നും മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി ആർ വിജു നൽകിയ ഹർജിയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പാക്കിയത്.പരാതിക്കിടയാക്കിയ ദൃശ്യങ്ങൾ ശനിയാഴ്‌ച ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി പരിശോധിക്കുമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂവെന്നും സെൻസർ ബോർഡ് കോടതിക്ക് ഉറപ്പുനൽകിയതോടെ തുടർനടപടികൾ അവസാനിപ്പിച്ചു.