ന്യൂഡൽഹി: ലോകത്തിന് മുന്നിൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ മോദിക്ക് പെട്ടെന്ന് ഒരു ദിവസം നിഷേധിക്കാനാകുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 10 വർഷമായി മോദി പറഞ്ഞുകൊണ്ടിരിക്കുന്നത് ലോകം കണ്ടതാണെന്നും പ്രിയങ്ക പറഞ്ഞു. ഹിന്ദു- മുസ്‌ലിം വേർതിരിവ് കാണിക്കാറില്ലെന്ന മോദിയുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
മോദി പറഞ്ഞ കാര്യങ്ങളെല്ലാം റെക്കോഡ് ചെയ്യപ്പെട്ടവയാണ്. മതത്തെ രാഷ്ട്രീയത്തിനായി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും ഒരു മതത്തെ മോദി എങ്ങനെയാണ് വിശേഷിപ്പിക്കുന്നതെന്നും എല്ലാവരും കണ്ടതാണ്. ഇപ്പോൾ അത് നിഷേധിക്കാൻ സാധിക്കില്ല -പ്രിയങ്ക പറഞ്ഞു.
ഹിന്ദു-മുസ്‌ലിം വേർതിരിവ് കാണിക്കുന്ന ദിവസം തന്‍റെ പൊതുജീവിതം അവസാനിക്കുമെന്നായിരുന്നു ഇന്നലെ മോദി ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരാണെന്ന് വിളിച്ചുള്ള പ്രസ്താവനകൾ താൻ നടത്തിയിട്ടില്ലെന്നും മോദി പറഞ്ഞു. മോദിയുടെ മുസ്‌ലിംവിരുദ്ധ പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ വിവാദമാകുന്നതിനിടെയായിരുന്നു അത്തരത്തിലുള്ള പ്രസ്താവനകൾ താൻ നടത്തിയിട്ടില്ലെന്ന അവകാശവാദം.
നേരത്തെ, രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ മുസ്‍ലിംവിരുദ്ധ പ്രസ്താവനകൾ വിവാദമായിരുന്നു. മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്ന വിധത്തിൽ അധിക്ഷേപിക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രസംഗത്തിനിടെ മോദി ചോദിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്‍റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും മോദി പറഞ്ഞിരുന്നു.