ദില്ലി: കൌതുകം പകരുന്ന ചില അപൂർവ്വ സമാഗമങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയും തമിഴ് ചലച്ചിത്രതാരം സൂര്യയുമൊത്തുള്ള ചിത്രം. രമേശ് ചെന്നിത്തല തന്നെയാണ് ദില്ലി യാത്രയ്ക്കിടെ ഉണ്ടായ ഈ അപ്രതീക്ഷിത സമാഗമത്തിൻറെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. താൻ നായകനാവുന്ന പുതിയ ചിത്രം കങ്കുവയുടെ പ്രൊമോഷൻറെ ഭാഗമായാണ് സൂര്യ ദില്ലിയിൽ എത്തിയത്. ദില്ലി എയർപോർട്ടിൽ നിന്നുള്ള ചിത്രമാണ് രമേശ് ചെന്നിത്തല പങ്കുവച്ചിരിക്കുന്നത്.
സൂര്യയുടെ തൻറെ കാഴ്ചപ്പാടും ചിത്രങ്ങൾക്കൊപ്പം രമേശ് ചെന്നിത്തല സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. “ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ! സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡൽഹി എയർ പോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവച്ചു…”, രമേശ് ചെന്നിത്തല കുറിച്ചു.
ഇന്ത്യൻ സിനിമയിൽത്തന്നെ അപ്കമിംഗ് റിലീസുകളിൽ ഏറ്റവും പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ഒന്നാണ് സൂര്യയുടെ കങ്കുവ. ബഹുഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തുന്ന ചിത്രം തിയറ്ററുകളിലെത്തുക നവംബർ 14 ന് ആണ്. സ്റ്റുഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നീ ബാനറുകളിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ ബജറ്റ് 300 കോടിയാണ്. ബോബി ഡിയോൾ ആണ് ചിത്രത്തിലെ പ്രതിനായകൻ. ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടിയ ചിത്രമായതിനാൽ അവിടുത്തെ പ്രൊമോഷൻ പരിപാടികളും വലിയ പ്രാധാന്യത്തോടെയാണ് അണിയറക്കാർ നടത്തുന്നത്.