പൊതുജനങ്ങള്‍ക്കിടയില്‍ മദ്യം സര്‍വ്വസാധാരണമായ കാലം മുതല്‍ കുടുംബ ബന്ധങ്ങളില്‍ അതുണ്ടാക്കുന്ന വിള്ളലുകളും ഏറെ വലുതാണ്. മദ്യപാനത്തെ തുടര്‍ന്ന് ഇല്ലാതായ നിരവധി കുടുംബബന്ധങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. വര്‍ത്തമാനകാലത്തും മദ്യം സമൂഹത്തിലും കുടുംബത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ആരോഗ്യ – സാമൂഹിക വകുപ്പുകള്‍ പുറത്തിറക്കാറുണ്ടെങ്കിലും മദ്യ വ്യാപാരത്തെ പ്രോത്സാഹിക്കുന്ന നിലപാടാണ് പല സര്‍ക്കാറുകളും കൈക്കൊള്ളാറുള്ളത്. കാരണം സര്‍ക്കാറിന്‍റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മദ്യമെന്നത് തന്നെ.
കോയമ്പത്തൂരില്‍ മദ്യപിച്ചെത്തിയ അച്ഛന്‍, അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട മകന്‍ അമ്മാവന്‍റെ സഹായത്തോടെ അച്ഛനെ കൊലപ്പെടുത്തിയത് കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെ 16 കാരനായ മകനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ നാഗപട്ടണം ജില്ലയിലെ സീർകാഴി സ്വദേശിയായ വി വിജയകാന്ത് (52) മദ്യപിച്ച് വീട്ടിലെത്തി ഭാര്യ വി ഭാഗ്യലക്ഷ്മിയുമായി (40) വഴക്കിട്ടിരുന്നതായി അലിയാർ പോലീസ് പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത മകനും ഭാര്യാസഹോദരനുമായ കടലൂർ ജില്ലയിലെ നല്ലൂർപാളയം സ്വദേശി ആർ.വിജയകുമാറും ചേര്‍ന്ന് വിജയകാന്തിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ഇരുവര്‍ക്കും നേരെ അരിവാള് വീശി. ഇതിനെ തുടര്‍ന്ന് മകന്‍ അച്ഛനെ ഇഷ്ടികയ്ക്ക് ഇടിച്ച് വീഴ്ത്തി. ഇതേ സമയം വിജയകുമാര്‍ തേങ്ങയുപയോഗിച്ച് വിജയകാന്തിനെ ഇടിക്കുകയും ഇയാളെ തള്ളിമാറ്റുകയും ചെയ്തു. തള്ളിയതിന് പിന്നാലെ വിജയകാന്ത് സമീപത്ത് തേങ്ങ കൊണ്ടുപോകാനായി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ തലയിടിച്ച് വീണു. ഇടിയേ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായി പോലീസ് പറയുന്നു.
വിജയകാന്തും കുടുംബവും കഴിഞ്ഞ ഒരു വര്‍ഷമായി ജല്ലിപ്പട്ടി ഗ്രാമത്തിൽ ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുകയായിരുന്നു. ഇവര്‍ തൊഴിലാളികള്‍ക്കായുള്ള ക്വോര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. സംഭവം കണ്ട അയല്‍വാസി പോലീസിനെ വിവരമറിയിക്കുകയും ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയെ ലക്ഷ്മി മിൽസ് ജംഗ്ഷനിലെ ജുവനൈൽസ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. വിജയകുമാര്‍ ജുഡീഷ്യൽ കസ്റ്റഡിലാണെന്നും പോലീസ് അറിയിച്ചു. മദ്യലഹരിയിൽ വിജയകാന്ത് ഭാര്യയെ സ്ഥിരമായി മർദ്ദിക്കുമായിരുന്നെന്നും പോലീസ് പറയുന്നു.