തൃശൂർ: വധശ്രമക്കേസിലെ പ്രതിയെ പൊലീസ് വീടുവളഞ്ഞ് ഓടിച്ചിട്ട് പിടികൂടി. അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി ചുള്ളിയില്‍ വീട്ടില്‍ കുടു എന്ന് വിളിക്കുന്ന അഭിഷേക് (22) ആണ് പിടിയിലായത്. തട്ട് കടയില്‍ വച്ച് ഇരുമ്പിന്റെ ആയുധം കൊണ്ട് യുവാവിന്റെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. നാലാംകല്ല് ഗോപി മാച്ചിന് സമീപം തട്ടുകടക്ക് സമീപം വച്ച് ഡിവൈഎഫ്ഐ അരിമ്പൂര്‍ കോവില്‍ റോഡ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി കല്ലുങ്ങല്‍ രാഹുല്‍ (30), എസ്എഫ് ഐ ലോക്കല്‍ സെക്രട്ടറി മനക്കൊടി കുന്നത്തേരി അനന്തകൃഷ്ണന്‍ (19) എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു.
ഈ സമയം കുടു എന്ന് വിളിക്കുന്ന അഭിഷേകും മറ്റു രണ്ടു സുഹൃത്തുക്കളും എത്തി. മുന്‍പേ ശത്രുതയിലായിരുന്ന ഇരുകൂട്ടരും തമ്മില്‍ ഇതിനിടെ വാക്കേറ്റമുണ്ടായി. അഭിഷേകും സംഘവും കത്തിയെടുത്ത് വീശുകയും രാഹുലിന്റെ നെറ്റിയില്‍ ഇരുമ്പു ആയുധം കൊണ്ട് മുറിവേല്‍പ്പിച്ചതായും പറയുന്നു. ഇതിനിടയില്‍ അഭിഷേകിനെ എതിര്‍ വിഭാഗം കത്തി കൊണ്ട് കുത്തിയതായും പൊലീസ് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ രാഹുലിനും അനന്തകൃഷ്ണനും എതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ പരാതിയില്‍ അഭിഷേകിനെ പിടികൂടാനായി മഫ്ടിയിലെത്തിയ അന്തിക്കാട് സിഐ പി.കെ. ദാസ്, എസ്‌ഐ ജോസി ജോസ്, സിപിഒ സുര്‍ജിത് എന്നിവര്‍ വലഞ്ഞു. വീടിന്റെ അപ്പുറം മതില്‍ ചാടിക്കടന്ന് ഓടിയ പ്രതിക്കൊപ്പം പോലീസും ഓടി. ഒടുവില്‍ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. കഞ്ചാവ്, എംഡിഎംഎ അടക്കം വില്‍പ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വധശ്രത്തിന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.