ഭുവനേശ്വർ: ഒഡിഷയിൽ കൊലക്കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം വീണ്ടും മറ്റൊരു കൊലപാതക കേസിൽ അറസ്റ്റിലായി. ബലാത്സംഗവും കൊലപാതക ശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ പുതിയതായി ചുമത്തിയിട്ടുണ്ട്. 39 വയസുകാരിയായ വിധവയെയാണ് ഇയാൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷനെ കൊല്ലാനും ശ്രമിച്ചു.
രമേഷ് നായിക് എന്ന 32 വയസുകാരനാണ് കൊലക്കേസിൽ വിചാരണ തടവുകാരനായി ആറ് വർഷം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഒരു സ്ത്രീയെ കൊന്ന കേസിലായിരുന്നു ജയിൽവാസം. ജാമ്യത്തിലിറങ്ങി ഏതാനും ദിവസങ്ങൾക്കകം മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു കൊല്ലുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കുറ്റങ്ങൾക്ക് വീണ്ടും അറസ്റ്റിലായി.
ഒക്ടോബർ എട്ടാം തീയ്യതിയാണ് വിധവയായ സ്ത്രീയുടെ മൃതദേഹം അവരുടെ വീടിന് സമീപത്ത് നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയത്. നേരത്തെ ഇവരുടെ ബന്ധുക്കൾ ഇവരെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്.
രമേഷ് ജയിലിലായ സമയത്ത് ഇയാളെ ജാമ്യത്തിലിറക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഒരു സുഹൃത്തിന് പിന്നീട് അതിന് സാധിക്കാതെ വന്നിരുന്നു. പുറത്തിറങ്ങിയ ശേഷം ഇയാളെ കാണാനെത്തിയപ്പോഴാണ് വിധവയായ സ്ത്രീയുമായി ഇയാൾക്ക് അടുപ്പമുണ്ടെന്ന് മനസിലായത്. മൂവരും ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് രമേശ് രണ്ട് പേരെയും ആക്രമിച്ചത്.
സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം ഇയാൾ മരിച്ചുവെന്ന് കരുതി അവിടെ ഉപേക്ഷിക്കുകയും പരിക്കേറ്റ സ്ത്രീയെ എടുത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. സ്ത്രീ പിന്നീട് മരിച്ചെങ്കിലും പ്രതിയുടെ സുഹൃത്തിനെ ഗുരുതരാവസ്ഥയിൽ പൊലീസ് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് കൊലപാതകത്തിന് പിന്നിൽ രമേഷാണെന്ന് പൊലീസിന് വ്യക്തമാവുകയായിരുന്നു.