എറണാകുളം: അങ്കമാലി എംഎജിജെ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ലിജിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വീട്ടു നല്‍കി. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് സംസ്ക്കാരം. സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് ലിജിയെ കൊല്ലാൻ കാരണമെന്ന് പ്രതി മഹേഷ് മൊഴി നൽകി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ലിജിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കിയത്.ബന്ധുക്കളില്‍ ചിലര്‍ കൂടി എത്താനുള്ളതിനാല്‍ സംസ്ക്കാരം ഇന്ന് മൂന്ന് മണിക്കാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. വിദേശത്തായിരുന്ന ഭര്‍ത്താവ് രാജേഷ് ഇന്ന് രാവിലെ നാട്ടിലെത്തി. മഹിളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്നു ലിജി.
മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനയില്‍ ലിജിക്ക് 12 കുത്തുകൾ ഏറ്റതായി വ്യക്തമായി.കുത്തേറ്റ് ആന്തരിക അവയവങ്ങള്‍ തകര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. സ്കൂള്‍ കാലം മുതല്‍ സൗഹൃദത്തിലായിരുന്ന ലിജി കുറച്ചുകാലമായി തന്നെ അവഗണിക്കുകയായിരുന്നുവെന്ന് പ്രതി മഹേഷ് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തി കാണാൻ ശ്രമിച്ചെങ്കിലും ലിജി സമ്മതിച്ചില്ല. പിന്നീട് ഉച്ചക്ക് ഫോണില്‍ വിളിച്ച് ഇനി തന്നെ കാണാൻ ശ്രമിക്കരുതെന്നും ഫോണില്‍ വിളിക്കരുതെന്നും വിലക്കി. ഈ വിരോധത്തിലാണ് ഉച്ചക്ക് ആശുപത്രിയിലെത്തി ലിജിയെ കൊലപെടുത്തിയത്. കൊല്ലാൻ ഉറപ്പിച്ചാണ് കത്തിയുമായി പോയതെന്നും മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നും മഹേഷ് പൊലീസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയിൽ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചുവീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ ചികിത്സയിലായതിനാൽ പരിചരണത്തിനാണ് മകൾ ലിജി ആശുപത്രിയിൽ കഴിഞ്ഞത്.
ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർക്ക് നേരെ മഹേഷ് കത്തിവീശി ഭീഷണിപെടുത്തി പിൻമാറ്റുകയായിരുന്നു.