പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിയെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പിൽ ഒളിച്ച് കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ ഒന്നാം മൈലില്‍ താസമിക്കുന്ന യുവതിയുടെ വീട്ടില് കഴിഞ്ഞ ചൊവ്വാഴ്ചയോടെയായിരുന്നു നടുക്കുന്ന ആക്രമണം. ഭര്‍ത്താവ് രാത്രിയില്‍ ജോലിക്ക് പോയ സമയമായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ വീടിന്‍റെ അടുക്കള വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ പ്രതി അബിന്‍ ടോമി കിടപ്പുമുറിയ്ക്കകത്ത് സൂക്ഷിച്ച 3200 രൂപ കവര്‍ന്നു. ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചതോടെ യുവതി ഞെട്ടിയുണര്‍ന്നു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ചു. യുവതി പ്രതിയുടെ വിരലില്‍ കടിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അബിന്‍ ടോമിയിലേക്ക് പൊലീസ് എത്തിയത്.
നെല്ലിക്കുഴിയിലെ അതിഥി തൊഴിലാളികലുടെ ലേബര്‍ ക്യാമ്പില്‍ ഒളിച്ചു കഴിയുകയായിരുന്നു അബിന്‍. പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് ഇയാളെ കീഴ്പ്പെടുത്തി. അബിന്‍ ടോമിക്കെതിരെ കുറുംപ്പുംപടി,കോതമംഗംലം പൊലീസ് സ്റ്റേഷനുകളില്‍ അടിപിടിക്കേസും പെരുമ്പാവൂര്‍ കോടനാട് പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുമുണ്ട്. 2023ല്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഘം ചേര്‍ന്ന് ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും കാറും കവര്‍ന്ന കേസും പ്രതിക്കെതിരെയുണ്ട്. അബിന്‍ ടോമിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.