കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തിലൂടെ. കുട്ടികൾ ട്യൂഷൻ വിട്ട് വരുന്ന സമയം നോക്കി ഈ വഴിയിലെത്തി കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് തൊട്ട്, 14 മണിക്കൂർ കേരളം ഒന്നടങ്കം തിരഞ്ഞിട്ടും കാണാമറയത്ത് പതിയിരിക്കാൻ സാധിക്കുന്നത് വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബിഗേൽ സാറ റെജി. മൂത്ത സഹോദരൻ നാലാം ക്ലാസുകാരനായ ജൊനാഥൻ റെജിയുമൊത്ത് സ്‌കൂൾ ബസിൽ വീട്ടിലെത്തിയതാണ് ഇരുവരും. അൽപനേരം കഴിഞ്ഞ് ഇരുവരും ട്യൂഷൻ സെന്ററിലേക്ക് പോയി. മാതാപിതാക്കളായ റെജിയും സജിയും ജോലിസ്ഥലത്തായിരുന്നു.
വീട്ടിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ അകലെയാണ് ട്യൂഷൻ സെന്റർ. റെജിയുടെ അച്ചൻ ജോണിയും അമ്മ ലില്ലിക്കുട്ടിയും ചേർന്നാണ് കുട്ടികളെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുപോയിരുന്നതും വിളിച്ചുകൊണ്ട് വരാറുള്ളതും. എന്നാൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് സംഭവ ദിവസം കുട്ടികൾക്കൊപ്പം പോകാതിരുന്നത്. സമയം വൈകീട്ട് നാലര കഴിഞ്ഞപ്പോഴാണ് വഴിമധ്യേ കുട്ടികളുടെ സമീപത്തായി വെള്ള നിറത്തിലുള്ള കാർ വന്ന് നിന്നത്. കാറിലിരുന്ന വ്യക്തി ഒരു കടലാസ് ജൊനാഥന് നേർക്ക് നീട്ടിയിട്ട് അത് അമ്മയ്ക്ക് നൽകണമെന്ന് പറഞ്ഞു. ഉടൻ തന്നെ അബിഗേലിനെ കാറിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു. ജൊനാഥന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാർ അപ്പോഴേക്കും പോയിരുന്നു. വെള്ള നിറത്തിലുള്ള KL 01 3176 ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.