കല്‍പ്പറ്റ: മേപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മോഷണം നടത്തി മുങ്ങിനടന്ന പ്രതിയെ ഒടുവില്‍ പോലീസ് പിടികൂടി. മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷന്‍ സെന്റര്‍ കുത്തിത്തുറന്ന് പണവും കമ്പ്യൂട്ടര്‍ സാമഗ്രികകളും കവര്‍ച്ച നടത്തിയ കേസിലെ പ്രതി മലപ്പുറം തിരുനാവായ കൊടക്കല്‍ സ്വദേശി പറമ്പില്‍ സാജിത്ത് എന്ന താജുദ്ദീന്‍ ആണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈ 26ന് ആയിരുന്നു സംഭവം. മോഷണം നടത്തിയതിന് ശേഷം പ്രതി മൂന്നുമാസമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ പോലീസിലും മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ വിവിധ കേസുകള്‍ നിലവിലുണ്ട്. തിങ്കളാഴ്ച രാത്രി പട്ടാമ്പിയില്‍ നിന്നാണ് മേപ്പാടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.ബി വിബിന്റെ നേതൃത്വത്തില്‍ എസ്.ഐമരായ വി.പി. സിറാജ്, പി. രജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, നവീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.