മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടൻ മാറ്റും. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്ക് പിഡബ്ല്യുഡി എടുക്കുന്നുണ്ട്. റിസോർട്ടുകൾ അടക്കം മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും കണക്ക് എടുക്കുന്നുണ്ട്. ക്യാമ്പിൽ കഴിയുന്നവരെ ഉടൻ ഇവിടങ്ങളിലേക്ക് മാറ്റും. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. ഒരു അധ്യയന ദിവസവും നഷ്ടപ്പെടാത്ത രീതിയിൽ ക്രമീകരണം വരും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ തുറക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ചൂരൽമല, വെള്ളാർമല അടക്കം തകർന്ന സ്കൂളുകളിലെ കുട്ടികളുടെ തുടർ പഠനത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.