ദില്ലി : കോടതി വിമർശിച്ചതോടെ പരസ്യ വിവാദ കേസിൽ പതഞ്ജലിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. അലോപ്പതി മരുന്നുകൾക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. അലോപ്പതിക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്. കൊവിഡ് പ്രതിരോധം എന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ’കൊറോണിലിന്’ പരസ്യം നൽകരുതെന്ന് നിർദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. കോടതി വിമർശനത്തിന് പിന്നാലെയാണ്കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
പതഞ്ജലിയുടെ വ്യാജ പരസ്യക്കേസിൽ ബാബാ രാംദേവിനെയും ആചാര്യ ബാൽകൃഷ്ണനെയും കഴിഞ്ഞ ദിവസം സുപ്രീംകോടതി നേരിട്ട് ശാസിച്ചിരുന്നു.കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി നേരത്തെ നല്കിയ സത്യവാങ്മൂലത്തിൽ കടുത്ത അതൃപ്തി അറിയിച്ച കോടതി രാംദേവിന്റെ മാപ്പ് അപേക്ഷ തള്ളുകയും വ്യാജപരസ്യങ്ങളിൽ നടപടി സ്വീകരിക്കാത്തിൽ കേന്ദ്രത്തെ വിമർശിക്കുകയുമുണ്ടായി. പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദം ഉയർത്തുന്ന പരസ്യങ്ങൾ പിൻവലിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന രാംദേവിന്റെ വാദം മുഖവിലക്കെടുക്കാതെയാണ് കോടതി മാപ്പപേക്ഷ കഴിഞ്ഞ ദിവസം തളളിയത്.