കോഴിക്കോട് : സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എം. ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല എന്ന് മന്ത്രി സജി ചെറിയാൻ. എം. ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുകേന്ദ്രങ്ങളിൽ നിന്നു തന്നെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തില സർക്കാർ തീരുമാനത്തിൽനിന്ന് പിൻവലിയുന്നതിന്‍റെ സൂചനയാണ് മന്ത്രി നൽകിയത്. നിയമനകാര്യത്തിൽ ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് മന്ത്രി പ്രതികരിച്ചത്. കേരള സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബി.ജെ.പി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ് ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നത്. ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന് വേണ്ടി ആഹ്വാനം ചെയ്യാനും അതേ സമയം ഇടതുപക്ഷ സഹയാത്രികൻ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകൾ ചിലർക്കുണ്ടെന്നാണ് എം.ജി ശ്രീകുമാറിനെ ചൂണ്ടിക്കാട്ടി മാധ്യമങ്ങളിൽ ഉയരുന്ന വ്യാപക വിമർശനം.
തീരുമാനം പുനഃപരിശോധിക്കണം എന്നും തെറ്റ് തിരുത്തണം എന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നടി കെ.പി.എ.സി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർമാൻ.