ദിസ്പൂർ: മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂർ ഇടവേള റദ്ദാക്കി അസം നിയമസഭ. സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ പ്രതികരണം. കൊളോണിയൽ രീതികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ഹിമന്ത് ബിശ്വ ശർമ പറയുന്നത്. അതേസമയം അസം മുഖ്യമന്ത്രി വിലകുറഞ്ഞ പബ്ലിസിറ്റിക്കായി മുസ്ലിങ്ങളെ ലക്ഷ്യം വെക്കുന്നെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്.
വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് പ്രതിപക്ഷം നീക്കത്തെ നിരീക്ഷിക്കുന്നത്. നിരവധി മുഖ്യമന്ത്രിമാർ വന്നെങ്കിലും ഹിമന്ത് ബിശ്വ ശർമയേപ്പോലെ മുസ്ലിം ഹിന്ദു വിഭാഗത്തിൽ വേർതിരിവുണ്ടാക്കാൻ ശ്രമിച്ച നേതാവില്ലെന്നാണ് എഐയുഡിഎഫ് നേതാവ് മുജീബുർ രഹ്മാൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉത്പാദനക്ഷമതയ്ക്കാണ് മുൻഗണന നൽകുന്നതെന്നും നിയമസഭാ തീരുമാനത്തേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. 1937ൽ മുസ്ലിം ലീഗിന്റെ സയ്യിദ് സാദുള്ളയാണ് നമസ്കാരത്തിനായി ഇടവേള നൽകിയത്.
ചരിത്ര പരമായ തീരുമാനത്തിന് സ്പീക്കർ ബിശ്വജിത് ഡൈമറി ഡാംഗോറിയയ്ക്കും എംഎൽഎമാർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വിശദമാക്കി. മുസ്ലിം വിഭാഗത്തിലുള്ളവർക്ക് വിവാഹവും വിവാഹ മോചനവും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധിതമാക്കിയതിന് പിന്നാലെയാണ് നമസ്കാരത്തിനുള്ള ഇടവേള റദ്ദാക്കിയത്. മുസ്ലിം വിഭാഗത്തിലെ വിവാഹ രജിസ്ട്രേഷനിൽ ക്വാസി സമ്പ്രദായം ഒഴിവാക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ശൈശവ വിവാഹം സംസ്ഥാനത്ത് തടയാനും നടപടി സഹായിക്കുമെന്നും നിർബന്ധിത വിവാഹ രജിസ്ട്രേഷനേക്കുറിച്ച് ഹിമന്ത് ബിശ്വ ശർമ പ്രതികരിച്ചത്.