ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയും മത്സരിച്ചേക്കാം, പക്ഷേ അദ്ദേഹത്തിന് ഇനി ഫേസ്ബുക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇക്കാര്യം ഫേസ്ബുക്ക് തന്നെയാണ് ഉറപ്പുവരുത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിൽ രണ്ടാം തവണയും അധികാരത്തിൽ വരുമെന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചത്.
2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിനെ ഫേസ്ബുക്കിൽ നിന്ന് പുറത്താക്കിയത്. എങ്കിലും സൈറ്റിൽ തിരിച്ചെത്താൻ ട്രംപിന് അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്ന് മറ്റ് റിപ്പോർട്ടുകൾ പറയുന്നത്. ഫേസ്ബുക്കിൽ നിന്നുള്ള അദ്ദേഹത്തിന്റെ സസ്‌പെൻഷൻ രണ്ട് വർഷത്തിന് ശേഷം ജനുവരിയിൽ വീണ്ടും പരിഗണിക്കും. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ, ട്രംപ് ഇനി ഫേസ്ബുക്ക് വസ്തുതാ പരിശോധനകൾക്ക് വിധേയമാകേണ്ടി വരില്ല. ഫേസ്ബുക്കിന്റെ നിയമങ്ങൾ പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാർത്ഥികളുടെയും അഭിപ്രായങ്ങൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കില്ല.
ജനുവരി ആറിലെ കലാപത്തെ തുടർന്ന്, ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ള സ്‌നാപ്ചാറ്റ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയും ട്രംപിനെ പുറത്താക്കിയിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതില് നിന്നും ട്രംപിനെ താൽക്കാലികമായി വിലക്കിയിരുന്നു. സസ്‌പെൻഷൻ പിൻവലിക്കാൻ കമ്പനിക്ക് പദ്ധതിയില്ലെന്നാണ് യൂട്യൂബ് വക്താവ് ഐവി ചോയ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ജനുവരി ആറിന് നടന്ന ആക്രമണത്തെ തുടർന്ന് ട്രംപിനെ വിലക്കാനുള്ള പ്ലാറ്റ്‌ഫോമിന്റെ തീരുമാനത്തോട് തനിക്ക് വിയോജിപ്പുണ്ടെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ എലോൺ മസ്‌ക് അറിയിച്ചിട്ടുണ്ട്. കണ്ടന്റ് മോഡറേഷൻ കൗൺസിൽ പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതുവരെ നിരോധിച്ച ഉപയോക്താക്കളുടെ അക്കൗണ്ടുകളെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കില്ലെന്നും മസ്‌ക് പറഞ്ഞു.ട്രംപിന്റെ സ്ഥാനാർത്ഥിത്വം തീരുമാനത്തെ ബാധിക്കുമോ എന്ന ചോദ്യത്തോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല. ക്യാപിറ്റോളിൽ അതിക്രമിച്ചു കയറിയ കലാപകാരികളെ പ്രശംസിച്ചതിനാണ് ജനുവരിയില് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്ക് 24 മണിക്കൂറിലേക്ക് സസ്‌പെൻഡ് ചെയ്തത്. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ജനുവരി ഏഴിന് അനിശ്ചിതകാല സസ്‌പെൻഷൻ പ്രഖ്യാപിച്ചതോടെ ട്രംപ് ഫേസ്ബുക്കില് നിന്ന് പുറത്തായി.