തിരുവനന്തപുരം: വട്ടപ്പാറ കന്യാകുളങ്ങരയിൽ മാനസിക വെല്ലുവിളിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിൽ. വട്ടപ്പാറ മൊട്ടമൂട് സ്വദേശി 60 വയസുള്ള ദേവകുമാറിനെ മര്‍ദ്ദിച്ച കേസിൽ കൊഞ്ചിറ പെരുങ്കൂര്‍ മരുതൻകോട് സ്വദേശി വാഹിദാണ് പിടിയിലായത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കന്യാകുളങ്ങര ജുമാമസ്ജിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു മര്‍ദ്ദനം. ബഹളമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് മദ്യലഹരിയിലായിരുന്ന വാഹിദ് ദേവകുമാറിന്‍റെ കൈകാലുകളിലും തയ്ക്കും വടികൊണ്ട് അടിച്ചത്. റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ക്രൂരമര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ദേവകുമാറിന്‍റെ സഹോദരൻ പൊലീസിൽ പരാതിയും നൽകി. അന്വേഷണത്തിനൊടുവിൽ കന്യാകുളങ്ങര മാര്‍ക്കറ്റിനു സമീപത്തുവച്ച് ഇന്ന് വൈകീട്ടോടെ പ്രതിയെ വട്ടപ്പാറ പൊലീസ് പിടികൂടി. മര്‍ദ്ധനമേറ്റ ദേവകുമാര്‍ 28 വര്‍ഷമായി മാനസികസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കന്യാകുളങ്ങരയിലും സമീപപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന ദേവകുമാര്‍ നിരുപദ്രവകാരിയാണ്. ഭിന്നശേഷിക്കാരനെതിരായ അതിക്രമം, ദേഹോപദ്രവം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വാഹിദിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.